തോമസ് ചാണ്ടിയുടെ ഹർജി: സുപ്രീംകോടതിയിൽ വീണ്ടും ജ‍ഡ്ജിയുടെ പിന്മാറ്റം

ന്യൂഡല്‍ഹി∙ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍നിന്നു സുപ്രീംകോടതി ജഡ്ജി പിന്‍മാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സാത്രെയാണ് പിന്‍മാറിയത്. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹർജി നൽകിയിരുന്നത്. കേസ് വെള്ളിയാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ദിവസം ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കറും കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്മാറിയിരുന്നു.

തുടർന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റിയ കേസ്, അദ്ദേഹമാണ് സാത്രെയുടെ ബെഞ്ചിലേക്ക് അയച്ചത്. ഭൂമി കയ്യേറ്റം സംബന്ധിച്ച്‌ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരിക്കേ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി തള്ളിയ ഹൈക്കോടതി സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന തരത്തിൽ കടുത്ത വിമര്‍ശനങ്ങളാണ് നടത്തിയത്.