കൊറിയകൾ ഏറ്റുമുട്ടിയാൽ പൗരന്മാരെ എങ്ങനെ രക്ഷിക്കും?, വഴി തേടി ജപ്പാൻ

ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ

ടോക്കിയോ∙ ദക്ഷിണ കൊറിയയെ ഉത്തര കൊറിയ ആക്രമിച്ചാൽ അവിടെ കുടുങ്ങാനിടയുള്ള ജാപ്പനീസ് പൗരന്മാരെ രക്ഷിക്കാനുളള സുരക്ഷിത മാർഗങ്ങൾ തേടി ജപ്പാൻ. യുദ്ധമുണ്ടായാൽ ദക്ഷിണകൊറിയയിലുള്ള 60,000 ത്തോളം പൗരന്മാരെ ഏതൊക്കെ വഴികളിലൂടെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റാമെന്ന് ജപ്പാൻ അന്വേഷിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകൊറിയയുടെ ആക്രമണം ഉണ്ടായി വിമാനത്താവളങ്ങൾ‌ അടയ്ക്കുകയാണെങ്കിൽ ജാപ്പനീസ് പൗരന്മാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള കുറുക്കുവഴികളാണ് അന്വേഷിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ ദക്ഷിണകൊറിയയുടെ തുറമുഖ നഗരമായ ബുസാൻ വഴി ജപ്പാൻകാരെയും യുഎസ് പൗരന്മാരെയും രക്ഷിക്കാനാകുമെന്നാണ് ജപ്പാന്റെ കണക്കുകൂട്ടൽ. ബുസാനിൽ നിന്ന് ജപ്പാന്റെ സുഷിമ ദ്വീപിലേക്ക് 50 കിലോമീറ്റർ ദൂരമാണുള്ളത്. യുഎസ്,ജാപ്പനീസ് യുദ്ധക്കപ്പലുകളിൽ ബുസാൻ തുറമുഖത്ത് നിന്ന് പൗരന്മാരെ രക്ഷിച്ച് ജപ്പാനിലേക്ക് എത്തിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സുഷിമയിലെ ഹോട്ടലുകളിൽ അന്വേഷണം നടത്തിയതായും റിപ്പോർട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ താമസിപ്പിക്കുന്നതിനും ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനുള്ള നടപടികളും തുടങ്ങിയതായാണ് വിവരം.

അതേസമയം വിദേശത്തുള്ള പൗരന്മാരുടെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് ജാപ്പനീസ് മുഖ്യ കാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുക പറഞ്ഞു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും സുക അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണ, ഉത്തര കൊറിയകളുടെ ഉദ്യോഗസ്ഥർ മുഖാമുഖമിരുന്ന് നടത്തിയ ചർച്ചയിലൂടെ മേഖലയിലെ സംഘർഷങ്ങൾക്ക് ഒരു പരിധി വരെ അയവുവന്നിരുന്നു. ചർച്ചയെ തുടർന്ന് അടുത്ത മാസം ദക്ഷിണകൊറിയയിൽ നടക്കുന്ന ശീതകാല ഒളിംപിക്സിന് ഉത്തരകൊറിയ മൽസരിക്കാനും തീരുമാനിച്ചു. സൈനിക സംഘർഷം ലഘൂകരിക്കുന്നതിന് വീണ്ടും ചർച്ച നടത്തുന്നതിനും ഇരു കൊറിയകളും തീരുമാനിച്ചിരുന്നു. നിലവിൽ സമാധാന സാഹചര്യമാണെങ്കിലും സുരക്ഷാ നടപടികളുമായി മുന്നോട്ടുപോകാനാണ് ജപ്പാന്റെ തീരുമാനം.