ബാബുറാം ബാബുവിന്‍റെ ബെനാമിയെന്നതിന് തെളിവില്ല; കൈമലര്‍ത്തി വിജിലന്‍സ്

കൊച്ചി ∙ മുൻമന്ത്രി കെ.ബാബുവിന്‍റെ ബെനാമിയാണെന്ന് വിജിലന്‍സ് ആരോപിച്ച ബാബുറാമിനെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചില്ലെന്ന് അന്വേഷണസംഘം. കെ.ബാബുവിനെതിരായ അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഉടൻ റിപ്പോർട്ട് നൽകുമെന്നും വിജിലൻസ് ഡിവൈഎസ്പി ഹൈക്കോടതിയെ അറിയിച്ചു. അനധികൃത സ്വത്തുസമ്പാദനം ആരോപിച്ച് കെ.ബാബുവിന്റെ വീടുകളില്‍ റെയ്ഡ് നടത്തിയതിനൊപ്പം ബാബുറാമിന്റെ സ്ഥാപനങ്ങളിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. 

യൂത്ത് കോൺഗ്രസ് നേതാവായ ബാബുറാമിനെ കേസില്‍ രണ്ടാം പ്രതിയും ആക്കി. എന്നാൽ ഒന്നരവർഷം എത്താറാകുമ്പോഴും തെളിവൊന്നും കണ്ടെത്താനായിട്ടില്ല എന്നാണ് വിജിലന്‍സ് രേഖാമൂലം കോടതിയെ അറിയിച്ചത്.  വിജിലൻസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം നൽകിയ അപേക്ഷയിലാണ് വിജിലൻസ് ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.