ഹജ് സബ്സിഡി നിർത്തലാക്കിയത് മറ്റു ചില കാര്യങ്ങൾക്കു വേണ്ടി: സിപിഎം

ന്യൂഡൽഹി∙ ഹജ് സബ്സിഡി നിർത്തലാക്കുന്നതിനുള്ള കേന്ദ്രസർക്കാർ തീരുമാനം ആകസ്മികമാണെന്ന് സിപിഎം. 2012ലെ സുപ്രീംകോടതി വിധിയിൽ സബ്സിഡി പത്തു വർഷം കൊണ്ടുമാത്രമേ നിർത്താൻ പാടുള്ളൂവെന്ന് അറിയിച്ചിരുന്നു. പെട്ടെന്ന് സബ്സിഡി നിർത്താനുള്ള തീരുമാനം ഏകപക്ഷീയവും മറ്റു ചില കാര്യങ്ങൾ പരിഗണിച്ചുമുള്ളതാണെന്നും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി.

സിപിഎമ്മിന്റെ മതേതര നിലപാടനുസരിച്ച് ഒരു മതത്തിലെയും വ്യക്തികൾക്ക് തീർഥയാത്രയ്ക്ക് സബ്സിഡി നൽകേണ്ടതില്ല. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ഇത്തരം സബ്സിഡി നിർത്തലാക്കേണ്ടതാണെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, വിമാനക്കൂലി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് ന്യായമായ നിരക്ക് ഉറപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു. താൻ വ്യോമയാന മന്ത്രാലയത്തിന്റെ പാർലമെന്ററി സ്ഥിരം സമിതി അധ്യക്ഷനായിരുന്നപ്പോൾ, ഹജ് തീർഥാടകരോട് വിമാനക്കൂലിയിനത്തിൽ ഈടാക്കുന്നത് അമിതനിരക്കാണെന്ന് പരാതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, ന്യായമായ നിരക്ക് ഉറപ്പാക്കണമെന്നു മന്ത്രാലയത്തോടു ശുപാർശ ചെയ്തതാണെന്നും യച്ചൂരി പറഞ്ഞു