യുഎസിനെ ഇഷ്ടപ്പെടണം, ഇംഗ്ലീഷ് അറിയണം: നിബന്ധനയുമായി ട്രംപ്

വാഷിങ്ടൻ∙ യുഎസിലേക്കുള്ള കുടിയേറ്റ വിരുദ്ധ നിലപാടുകൾ വീണ്ടും ശക്തമാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനത്തിൽ കുടിയേറ്റക്കാർക്ക് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണമെന്ന പ്രധാന വ്യവസ്ഥ ഉൾപ്പെടുത്തി. എന്നാൽ, ട്രംപ് ഭരണകൂടത്തിന്റെ വ്യവസ്ഥകൾ‌ ഇന്ത്യയ്ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തൽ.

‘ഏതു രാജ്യത്തിൽനിന്നുള്ളവരായാലും യുഎസിനെ സ്നേഹിക്കുന്നവരെ മാത്രമാണ് സ്വീകരിക്കുക. തൊഴിൽ നൈപുണ്യവും മികച്ച ട്രാക്ക് റെക്കോർഡും അനിവാര്യം. അമേരിക്കക്കാരെ ഇഷ്ടപ്പെടണം, ഇവിടത്തെ മൂല്യങ്ങളെയും ജീവിതരീതികളെയും വിലമതിക്കണം. യുഎസിൽ വരുന്നവർ നിർബന്ധമായും ഇംഗ്ലീഷ് അറിഞ്ഞിരിക്കണം’– മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം ഇംഗ്ലീഷ് പരിജ്ഞാനം, തൊഴിലറിവ് എന്നീ കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്നതിനാൽ ഇന്ത്യക്കാർക്കു തൽക്കാലം പേടിക്കാനില്ല.

ട്രംപിന്റെ താൽപര്യാർഥം മെറിറ്റ് അടിസ്ഥാനമാക്കിയ കുടിയേറ്റ ബിൽ യുഎസ് ഉടൻ കൊണ്ടുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. ‘ചങ്ങലകളായുള്ള കുടിയേറ്റം’ നിരവധിപ്പേരെയാണു രാജ്യത്തേക്കു കൊണ്ടുവരുന്നതെന്നും അത്തരം ആളുകൾ യുഎസിനു നല്ലതല്ല ചെയ്യുന്നതെന്നുമാണ് ട്രംപിന്റെ നിലപാട്. എല്ലാ തരത്തിലുമുള്ള ഭീകരവാദവും ഇല്ലാതാക്കുകയാണ് കുടിയേറ്റ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാഷിങ്ടൻ വ്യക്തമാക്കുന്നു.