ജമ്മു കശ്മീരിൽ ഒരു വർഷത്തിനിടെ വധിച്ചത് 213 ഭീകരരെ: മെഹ്ബൂബ മുഫ്തി

മെഹ്ബൂബ മുഫ്തി

ജമ്മു∙ 2017ൽ കശ്മീരിൽ ഉണ്ടായ വിവിധ ആക്രമണങ്ങളില്‍ 213 ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ സർക്കാർ. വിവിധ അക്രമ സംഭവങ്ങളിൽ ഔദ്യോഗിക കണക്കു പ്രകാരം 51 സാധാരണക്കാരും കൊല്ലപ്പെട്ടതായി കശ്മീർ‌ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നിയമസഭയിൽ അറിയിച്ചു. വധിച്ചവരിൽ 127 പേർ വിദേശരാജ്യങ്ങളിൽനിന്നുള്ളവരും 86 പേർ കശ്മീര്‍ സ്വദേശികളുമാണ്. 

മുന്‍ വര്‍ഷത്തെക്കാളും കൂടുതൽ സാധാരണക്കാർക്കു വിവിധ അക്രമ സംഭവങ്ങളില്‍ ജീവൻ നഷ്ടപ്പെട്ടു. 20 സാധാരണക്കാർ മാത്രമാണ് 2016ല്‍ കശ്മീരിൽ കൊല്ലപ്പെട്ടത്. എന്നാൽ 2017ൽ ഇത് 51 ആയി. അതിർത്തി കടന്നുള്ള തീവ്രവാദം തടയുന്നതിനായി എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി മെഹ്ബൂബ സഭയിൽ വ്യക്തമാക്കി.

ജമ്മു കശ്മീരിന്റെ വിവിധയിടങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ 320ൽപരം ആയുധങ്ങളും പിടിച്ചെടുത്തു. 213 എകെ 47 തോക്കുകൾ, 101 പിസ്റ്റളുകൾ, ഒരു സ്നിപ്പർ റൈഫിൾ, 303 കൈത്തോക്കുകള്‍ എന്നിവയാണ് 2017ൽ പിടിച്ചെടുത്തത്. 394ൽപരം സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.