ഇന്ത്യ– ഇസ്രയേൽ കൂട്ടുകെട്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കും: ബെന്യാമിൻ നെതന്യാഹു

മുംബൈയിൽ സംസാരിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ചിത്രം: എഎൻഐ ട്വിറ്റര്‍

മുംബൈ∙ ഇന്ത്യ– ഇസ്രയേല്‍ രാജ്യങ്ങൾ തമ്മിലുള്ള കൂട്ടുകെട്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായി അടുത്ത സൗഹൃദമാണുള്ളത്. പരസ്പര അനുകമ്പയുടെ കാര്യത്തിലും ഇരുരാഷ്ട്രങ്ങളും തമ്മില്‍ അടുത്ത ബന്ധമുണ്ട്. എന്നാൽ അതു പ്രകടമല്ല. ഇരുരാഷ്ട്രങ്ങളുടെയും സംസ്കാരങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ശരിയായ രീതിയിലുള്ള ഐക്യപ്പെടൽ ഇതുവരെ നിലവിൽ വന്നിട്ടില്ലെന്ന് നെതന്യാഹു മുംബൈയിൽ പറഞ്ഞു.

പുതുമ തേടുന്ന രാഷ്ട്രമാണ് ഇസ്രയേൽ. ഇന്ത്യയും അങ്ങനെ തന്നെ. ഭാവി നിർണയിക്കുന്നതിനായി ഇരുരാഷ്ട്രങ്ങളും ഒരുമിച്ച് വരണം. അതു സാധ്യമായാൽ ഉണ്ടാക്കുന്ന നേട്ടങ്ങളുടെ എണ്ണവും വേഗവും വർധിക്കുമെന്ന് നെതന്യാഹു പറഞ്ഞു. പുതിയ സംരംഭങ്ങൾ കണ്ടെത്താനും നെതന്യാഹു ഇന്ത്യയിലെ ബിസിനസ് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട കമ്പനി മേധാവികളുമായുള്ള കൂടിക്കാഴ്ചയോടെയാണ് നെതന്യാഹുവിന്റെ ഇന്നത്തെ പരിപാടികൾ തുടങ്ങിയത്. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കൽ, ഇന്ത്യയിലെ ജൂത വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് നെതന്യാഹുവിന്റെ ഇന്നത്തെ പ്രധാന പരിപാടികൾ. 

1992ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2003 ൽ സന്ദർശനം നടത്തിയ ഏരിയൽ ഷാരോണാണ് മുൻപ് ഇന്ത്യയിലെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി. ആറു ദിവസത്തെ സന്ദർശനത്തിനാണ് ബെന്യാമിന്‍ നെതന്യാഹു ഇന്ത്യയിലെത്തിയത്.