അതിർത്തിയിൽ ബിഎസ്എഫ് – പാക്ക് റേഞ്ചേഴ്സ് ഏറ്റുമുട്ടൽ; ഇന്ത്യൻ ജവാന് വീരമൃത്യു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാനു വീരമൃത്യു. അർനിയ – ആർഎസ് പുര സെക്ടറിൽ ബുധനാഴ്ച അർധരാത്രിയോടെ ആയിരുന്നു ആക്രമണം. മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ നടത്തിയ ശക്തമായ ആക്രമണത്തെ ബിഎസ്എഫ് സേന ശക്തമായി ചെറുത്തുനിൽക്കുന്നതിനിടെയാണ് ബിഎസ്എഫ് ജവാന്റെ വീരമൃത്യു.

പാക്കിസ്ഥാൻ റേഞ്ചേഴ്സുമായുള്ള ഏറ്റുമുട്ടൽ അർധരാത്രി കഴിഞ്ഞും നീണ്ടു. ഞായറാഴ്ച അർധരാത്രി നടന്ന ഏറ്റുമുട്ടലിൽ ഏഴു പാക്ക് സൈനികരെ ഇന്ത്യ വധിച്ചിരുന്നു. സാംബ അതിർത്തിയിലായിരുന്നു ഏറ്റുമുട്ടൽ.

കഴിഞ്ഞ ദിവസം അർനിയ സെക്ടറിൽ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച ഭീകരനെ സേന കൊലപ്പെടുത്തിയിരുന്നു. രണ്ടുപേർ രക്ഷപ്പെട്ടു. ഇതേത്തുടർന്ന് രാജ്യാന്തര അതിർത്തിയിലുടനീളം സുരക്ഷയും തിരച്ചിലും ശക്തമാക്കി ‘ഓപ്പറേഷൻ അലർട്ട്’ എന്ന പേരിൽ സേനാ നടപടികൾക്കു ബിഎസ്എഫ് തുടക്കമിട്ടു. 200 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യാന്തര അതിർത്തി കനത്ത കാവലിലാണെന്നു സേനാവൃത്തങ്ങൾ അറിയിച്ചു.