2017ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം വിരാട് കോഹ്‍ലിക്ക്

ദുബായ്∙ കഴിഞ്ഞ വർഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുരസ്കാരത്തിന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി അർഹനായി. ഈ പുരസ്കാരത്തിന് അർഹനാകുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് കോഹ്‍ലി. തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യൻ താരം ഈ പുരസ്കാരം നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. രവിചന്ദ്രൻ അശ്വിനായിരുന്നു 2016ലെ മികച്ച ക്രിക്കറ്റ് താരം. സച്ചിൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡുമാണ് ഈ ബഹുമതി നേടിയിട്ടുള്ള മറ്റ് ഇന്ത്യക്കാർ.

കഴിഞ്ഞ വർഷത്തെ മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും വിരാട് കോഹ്‍ലിക്കാണ്. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനവും സ്വന്തമാക്കിയ കോഹ്‍ലി ഈ വർഷത്തെ പുരസ്കാര നിർണയത്തിൽ സൂപ്പർതാരമായും മാറി.

2016 സെപ്റ്റംബർ 21 മുതൽ 2017 ഡിസംബർ 31 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരം കോഹ്‍ലിയെ തേടിയെത്തുന്നത് ഇത് രണ്ടാം തവണയാണ്. 2012ലും കോഹ്‍ലി മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരേവർഷം തന്നെ രണ്ടു പുരസ്കാരങ്ങൾ നേടുന്ന എട്ടാമത്തെ താരമാണു കോഹ്‍ലി. രാഹുൽ ദ്രാവിഡ് (2004), ജാക്ക് കാലിസ് (2007), റിക്കി പോണ്ടിങ് (2006), കുമാർ സംഗക്കാര (2012), മൈക്കൽ ക്ലാർക്ക് (2013), മിച്ചൽ ജോൺസൺ (2014), സ്റ്റീവ് സ്മിത്ത് (2015) എന്നിവരാണു മറ്റുള്ളവർ. ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് മികച്ച ടെസ്റ്റ് താരം.

കോഹ്‍ലി നയിക്കുന്ന ഐസിസിയുടെ ഏകദിന ടീമിൽ ഇന്ത്യയിൽനിന്ന് രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവരും ഇടം നേടി. അതേസമയം, കോഹ‍്‌ലി തന്നെ നയിക്കുന്ന ഐസിസി ടെസ്റ്റ് ടീമിൽ ചേതേശ്വർ പൂജാര, രവിചന്ദ്രൻ അശ്വിൻ എന്നിവരും ഇടം കെണ്ടെത്തി. ഇംഗ്ലണ്ടിനെതിരെ ബംഗളൂരുവിൽ നാല് ഓവറിൽ 25 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലിന് കഴിഞ്ഞ വർഷത്തെ മികച്ച ട്വന്റി20 പ്രകടനത്തിനുള്ള പുരസ്കാരവും ലഭിച്ചു.

ഐസിസി ഏകദിന ടീം: ഡേവിഡ് വാർണർ, ക്വിന്റൺ ഡികോക്ക് (വിക്കറ്റ് കീപ്പർ), രോഹിത് ശർമ, വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), എ.ബി. ഡിവില്ലിയേഴ്സ്, ജോസ് ബട്‌ലർ, ബാബർ അസം, ബെൻ സ്റ്റോക്സ്, ട്രെന്റ് ബോൾട്ട്, ഹസൻ അലി, റാഷിദ് ഖാൻ, ജസ്പ്രീത് ബുമ്ര

ഐസിസി ടെസ്റ്റ് ടീം: ഡീൻ എൽഗാർ, ഡേവിഡ് വാർണർ, വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), സ്റ്റീവ് സ്മിത്ത്, ചേതേശ്വർ പൂജാര, ബെൻ സ്റ്റോക്സ്, ക്വിന്റൺ ഡികോക്ക് (വിക്കറ്റ് കീപ്പർ), ആർ.അശ്വിൻ, മിച്ചൽ സ്റ്റാർക്ക്, കഗീസോ റബാഡ, ജയിംസ് ആൻഡേഴ്സൻ

മറ്റു പുരസ്കാരങ്ങൾ:

വനിതാ ഏകദിന ക്രിക്കറ്റർ: സൂസി ബെയ്റ്റ്സ് (ന്യൂസീലൻഡ്)

വനിത ട്വന്റി20 ക്രിക്കറ്റർ: സൂസി ബെയ്റ്റ്സ് (ന്യൂസീലൻഡ്)

എമർജിങ് ക്രിക്കറ്റർ: ഹസൻ അലി (പാക്കിസ്ഥാൻ)

ഐസിസി അസോസിയേറ്റ്, അഫിലിയേറ്റ് ക്രിക്കറ്റർ: റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ)

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ്: അന്യ ഷ്രംബ്സോൽ (ഇംഗ്ലണ്ട്)

മികച്ച അംപയർ: മറായിസ് ഇറാസ്മൂസ് (ദക്ഷിണാഫ്രിക്ക)