റിസോർട്ടിലേക്കുള്ള റോഡ് നിർമാണം: തോമസ് ചാണ്ടി ഒന്നാം പ്രതി

ആലപ്പുഴ∙ വയൽ നികത്തി ലേക് പാലസ് റിസോർട്ടിലേക്കു റോഡ് നിർമിച്ചെന്ന കേസിൽ മുൻ മന്ത്രി തോമസ് ചാണ്ടി ഒന്നാം പ്രതി. കോട്ടയം വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലാണ് ഇക്കാര്യമുള്ളത്. ആലപ്പുഴ മുൻ കലക്ടർ പി.വേണുഗോപാലാണ് രണ്ടാം പ്രതി. ആകെ 22 പ്രതികളാണ് കേസിലുള്ളത്. ഏപ്രിൽ 19ന് അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് ഇന്നാണ് എഫ്ഐആർ നൽകിയത്.

സംഭവത്തിൽ തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ചേർന്നു ഗൂഢാലോചന നടത്തിയെന്ന വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 12 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു റിപ്പോർട്ടിലെ ആവശ്യം. തോമസ് ചാണ്ടിയെ കൂടാതെ ആലപ്പുഴ മുൻ കലക്ടർ പി. വേണുഗോപാൽ, സബ്കലക്ടർ സൗരഭ് ജെയിൻ, എഡിഎം കെ.പി. തമ്പി തുടങ്ങിയവരും പട്ടികയിലുണ്ട്.

പട്ടികയിലെ രണ്ടു മുതൽ 14 വരെയുള്ള ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കുറ്റകരമായ ഗൂഢാലോചനയ്ക്കു കൂട്ടുനിന്നെന്നാണ് കണ്ടെത്തൽ. കമ്പനിയുടെ ഡയറക്ടർമാരുടെ പങ്കും അന്വേഷിക്കപ്പെടണമെന്നും തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങൾക്കുമാണു റിസോർട്ടിന്റെ കൂടുതൽ ഓഹരികളുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.