കോൺഗ്രസ് സഖ്യത്തെച്ചൊല്ലി സിപിഎമ്മിൽ വിള്ളൽ; വോട്ടെടുപ്പ് ഒഴിവാക്കാന്‍ യച്ചൂരി

ന്യൂഡൽഹി ∙ കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തർക്കം തുടരവെ, സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വോട്ടെടുപ്പ് ഒഴിവാക്കാൻ ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിയുടെ നീക്കം. രാഷ്ട്രീയ പ്രമേയത്തിൽ സമവായമുണ്ടാക്കണമെന്നും പാർട്ടി കോൺഗ്രസിലേക്ക് ഒറ്റ രേഖ മതിയെന്നും യച്ചൂരി കൊൽക്കത്തയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റിയിൽ നിർദ്ദേശിച്ചു.

അതേസമയം, കോൺഗ്രസ് സഖ്യത്തെ ചൊല്ലി സിപിഎമ്മിൽ ഉടലെടുത്ത വിള്ളൽ ഇപ്പോഴും പരിഹരിക്കാനായിട്ടില്ല. സിതാറാം യച്ചൂരിയെ പിന്തുണച്ച് വി.എസ്. അച്യുതാനന്ദൻ കേന്ദ്ര കമ്മിറ്റിക്ക് കത്തു നൽകി. ബിജെപി ഹിന്ദുത്വ ഫാസിസ്റ്റ് പാർട്ടിയാണെന്നും ബിജെപിയെ അധികാരത്തിൽ നിന്നു പുറത്താക്കാൻ പ്രായോഗിക രാഷ്ട്രീയ നിലപാട് വേണമെന്നുമാണ് വിഎസ് കേന്ദ്ര കമ്മിറ്റിക്ക് അയച്ച കത്തിലുള്ളത്. 

അതിനിടെ, സമ്മർദനീക്കങ്ങളുടെ ഭാഗമായി ബുദ്ധദേവ് ഭട്ടാചാര്യയോട് കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കണമെന്ന് യച്ചൂരി ആവശ്യപ്പെട്ടു. കോൺഗ്രസ് സഹകരണത്തിന്റെ ശക്തനായ വക്താവും കാരാട്ട് വിരോധിയുമായ ബുദ്ധദേവ് ഭട്ടാചാര്യ കൂടി വരുന്നനത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് യച്ചൂരിയുടെ നീക്കം. അനാരോഗ്യം മൂലം ബുദ്ധദേവ് കുറേ നാളായി കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാറില്ല.

എന്നാൽ, രാഷ്ട്രീയ പ്രമേയത്തിൽ രണ്ടു രേഖകൾ വേണ്ടെന്ന കടുത്ത നിലപാടിലാണ് കാരാട്ട് പക്ഷം. കോൺഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പിബി അംഗീകരിച്ച രേഖ പ്രകാശ് കാരാട്ട് കൊൽക്കത്തയിൽ പുരോഗമിക്കുന്ന സിസിയിൽ അവതരിപ്പിക്കുകയും ചെയ്തു. കോൺഗ്രസുമായി നീക്കുപോക്കുകളാകാമെന്ന ന്യൂനപക്ഷ രേഖ യച്ചൂരിയും അവതരിപ്പിച്ചു. യച്ചൂരിയുടെ രേഖ വോട്ടിനിട്ട് തള്ളുന്ന സാഹചര്യമുണ്ടാക്കാനാണ് കാരാട്ട് പക്ഷത്തിന്റെ നീക്കം. രേഖ ഒന്നു മതിയെന്നും വിയോജിപ്പുകൾ പാർട്ടി കോൺഗ്രസിൽ ഉന്നയിക്കാമെന്നുമാണു കാരാട്ട് പക്ഷത്തിന്റെ നിലപാട്.