പ്രായോഗിക രാഷ്ട്രീയ സമീപനം വേണം; യച്ചൂരിയെ പിന്തുണച്ച് വിഎസ്

ന്യൂഡൽഹി∙ കോൺഗ്രസുമായി ബന്ധം രൂപീകരിക്കുന്നതിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു പിന്തുണയുമായി മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻ. യച്ചൂരിയുടെ രാഷ്ട്രീയ പ്രമേയത്തെ പിന്തുണച്ചു വി.എസ്. കേന്ദ്രകമ്മിറ്റിക്കു കത്തു നൽകി. ഫാസിസ്റ്റ് കക്ഷിയായ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കണം, പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും കത്തിൽ വിഎസ് ആവശ്യപ്പെടുന്നു.

കോൺഗ്രസ് ബന്ധം സംബന്ധിച്ച് സീതാറാം യച്ചൂരി തയാറാക്കിയതും പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രൻ പിള്ളയും തയാറാക്കിയതുമായി കരട് രാഷ്ട്രീയ പ്രമേയങ്ങൾ സംയോജിപ്പിക്കാനുള്ള പൊളിറ്റ് ബ്യൂറോയുടെ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇരുപക്ഷങ്ങളുടെയും രേഖകൾ കേന്ദ്രകമ്മിറ്റി പരിഗണിക്കുന്നതിനാണ് തീരുമാനിച്ചത്. എന്നാൽ സിസിയിലേക്ക് ഈ രണ്ടു രേഖകളും അയയ്ക്കരുതെന്നാണ് പ്രകാശ് കാരാട്ടു പക്ഷത്തിന്റെ നിലപാട്. രണ്ടു രേഖകള്‍ അയക്കുന്ന കീഴ്‌വഴക്കമില്ല. ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അറിയിക്കാം. പാര്‍ട്ടി നയത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്നും ആവശ്യമെങ്കില്‍ വോട്ടെടുപ്പിനു തയാറാണെന്നും കാരാട്ട് പക്ഷം നിലപാടെടുക്കുന്നു.

രാജ്യാന്തര കാര്യങ്ങളിൽ‍ രണ്ടുകൂട്ടർക്കും ഭിന്നാഭിപ്രായങ്ങളില്ല. കോൺഗ്രസുമായി സഖ്യവും മുന്നണിയും വേണ്ടെന്നാണു രണ്ടുകൂട്ടരുടെയും നിലപാട്. എന്നാൽ, ധാരണയുണ്ടാക്കില്ലെന്നുകൂടി വ്യക്തമായി പറയണമെന്നാണു കാരാട്ടിന്റെയും എസ്ആർപിയുടെയും വാദം. അതിനോടു യച്ചൂരി യോജിക്കുന്നില്ല. ഇതു 2019ൽ വിശാല പ്രതിപക്ഷ െഎക്യം അസാധ്യമാക്കുമെന്നാണു യച്ചൂരിയുടെ വാദം. ധാരണയില്ലെന്നു പറയാതിരുന്നാൽ ഒടുവിൽ കാര്യങ്ങൾ പരോക്ഷ സഖ്യത്തിൽ എത്തിച്ചേരുമെന്നാണു കാരാട്ടും കൂട്ടരും വാദിക്കുന്നത്.

യച്ചൂരി രണ്ടു തവണയും കാരാട്ട് നാലു തവണയും തങ്ങളുടെ കരട് രേഖകൾ പരിഷ്കരിച്ചെങ്കിലും ഭിന്നത പരിഹരിക്കാൻ സാധിച്ചില്ല. 2004ൽ ബിജെപി അധികാരത്തിലെത്തുന്നതു തടയാൻ യുപിഎയെ പിന്തുണച്ചതു തെറ്റായിപ്പോയെന്നു പാർട്ടി ഇതുവരെ പറഞ്ഞിട്ടില്ല.