മുസഫര്‍നഗര്‍ കലാപം: ബിജെപി നേതാക്കൾക്കെതിരെയുള്ള കേസ് പിൻവലിക്കാൻ യോഗി സർക്കാർ

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലക്നൗ∙ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനൊരുങ്ങി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാരിന്റെ നീക്കത്തോടു ജനങ്ങളുടെ പ്രതികരണം എന്താകുമെന്നറിയാൻ ജില്ലാ മജിസ്ട്രേറ്റിനു യുപി സ്പെഷല്‍ സെക്രട്ടറി രാജ് സിങ് കത്തയച്ചു.

യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ സഞ്ജീവ് ബല്യാന്‍, എംപി ബര്‍തേന്ദ്ര സിങ്, സംസ്ഥാന മന്ത്രി സുരേഷ് റാണ, എംഎല്‍എമാരായ ഉമേഷ് മാലിക്, സംഗീത് സിങ് സോം, ഷാംലി എന്നിവര്‍ പ്രതികളായ കേസ് പിന്‍വലിക്കാനാണു സര്‍ക്കാര്‍ നീക്കം. ഇവർക്കെതിരെ കോടതിയുടെ പരിഗണനയിലുള്ള ക്രിമിനൽ കേസുകളാണു പിന്‍വലിക്കുന്നത്.

2013 ൽ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപത്തിന് ആഹ്വാനം നല്‍കുന്ന തരത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണു ബിജെപി നേതാക്കള്‍ക്കെതിരായ കേസ്. ‘കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. കിട്ടിയാൽ അനുയോജ്യമായ നടപടി സ്വകരിക്കും’– മുസഫർ നഗർ എഡിഎം ഹരീഷ് ചന്ദ്ര പറഞ്ഞു. കലാപത്തില്‍ 62 പേരാണു കൊല്ലപ്പെട്ടത്.