മുഖ്യമന്ത്രിസ്ഥാനം രാജി വച്ചൊഴിയാതിരുന്നത് ആ ‘സംഭവം’ കാരണം: ഷീല ദീക്ഷിത്

ന്യൂഡൽഹി∙ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് 2012ൽ തന്നെ സ്ഥാനം ഒഴിയാൽ ഷീല ദീക്ഷിത് തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തൽ. ആരോഗ്യകാരണങ്ങളാലായിരുന്നു ഡൽഹി മുഖ്യമന്ത്രി പദവിയിൽ നിന്നു മാറി നിൽക്കാൻ തീരുമാനിച്ചത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കു പകരം കോൺഗ്രസിനെ നയിക്കാൻ ഒരാളെ കണ്ടെത്തുന്നതിന് പാർട്ടിക്കു സമയം നൽകുന്നതിനു കൂടിയായിരുന്നു ഒരു വർഷം മുൻപു തന്നെ രാജിക്കു ശ്രമിച്ചത്. ശ്വാസംമുട്ടൽ ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ കലശലായതിനെത്തുടര്‍ന്നായിരുന്നു ഇത്. 

ആരോഗ്യം വീണ്ടെടുത്ത് ഡിസംബറില്‍ രാജി തീരുമാനം ഹൈക്കമാൻഡിനെ അറിയിക്കാനായിരുന്നു തീരുമാനം. എന്നാൽ ഓടിക്കൊണ്ടിരുന്ന ബസിൽ ഡിസംബർ 16ന് പെൺകുട്ടി അതിക്രൂരമായി മാനഭംഗം ചെയ്തു കൊല്ലപ്പെട്ട ‘നിർഭയ’ സംഭവമാണു രാജിയിൽ നിന്നു ഷീലയെ പിന്തിരിപ്പിച്ചത്. തന്റെ ഓർമക്കുറിപ്പുകളിലാണ് ആ സമയത്തു രാജി വച്ചിരുന്നെങ്കിൽ അതു ‘യുദ്ധഭൂമി’യിൽ നിന്നുള്ള ഒളിച്ചോട്ടമായി വിലയിരുത്തപ്പെട്ടേനേയെന്നു മുൻ മുഖ്യമന്ത്രി കുറിച്ചിരിക്കുന്നത്. 

‘നേരത്തേത്തന്നെ ഞാൻ രാജിവയ്ക്കാൻ തീരുമാനിച്ചതാണ്. ‘നിർഭയ’ സംഭവത്തിനു ശേഷം കുടുംബവും രാജി തീരുമാനവുമായി മുന്നോട്ടു പോകാൻ നിർബന്ധിച്ചു. എന്നാൽ അതൊരു ഒളിച്ചോട്ടം പോലെയാണെനിക്കു തോന്നിയത്’– ‘സിറ്റിസൺ ഡൽഹി: മൈ ടൈംസ്, മൈ ലൈഫ്’ എന്ന പുസ്തകത്തിൽ ദീക്ഷിത് വിവരിക്കുന്നു. ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച മുഖ്യമന്ത്രിയുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഓർമക്കുറിപ്പുകളിലുള്ളത്. 

‘രണ്ടാം യുപിഎ’ തിരിച്ചടിയായി

മൂന്നു തവണ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഡൽഹിയിൽ താൻ കൊണ്ടു വന്ന മാറ്റങ്ങളും നേരിട്ട പ്രതിസന്ധികളും 2013ലെ തിരഞ്ഞെടുപ്പിലെ തോൽവിയുമെല്ലാം പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ‘ഞങ്ങളിൽ പലരും ആം ആദ്മി പാർട്ടിയെ വിലകുറച്ചു കാണുകയാണുണ്ടായത്. അതിന്റെ ഫലമായി 25,000 വോട്ടിനായിരുന്നു തോൽവി. വിലപ്പെട്ട ന്യൂഡൽഹി സീറ്റ് അങ്ങനെ അരവിന്ദ് കേജ്‌രിവാളിനു ലഭിച്ചു’–ഷീല എഴുതുന്നു. 

കോൺഗ്രസ് തന്നെ രണ്ടിടത്തും തലപ്പത്തുള്ളതിനാൽ യുപിഎയുടെ ‘രണ്ടാം സർക്കാരായാണു’ ഡൽഹിയെയും കണ്ടിരുന്നത്. കേന്ദ്രത്തോടുള്ള അതൃപ്തി ഡൽഹി സർക്കാരിനു നേരെയും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. 15 വർഷം മുൻപുള്ള ഡൽഹി എങ്ങനെയായിരുന്നുവെന്ന് അറിയാത്തവരായിരുന്നു 2013ൽ ആദ്യമായി വോട്ടുചെയ്ത ഭൂരിപക്ഷം പേരും. എല്ലാ സൗകര്യങ്ങളുമുള്ള ഡൽഹിയാണ് അവർ കണ്ടിട്ടുള്ളതെന്നും ഷീല ചൂണ്ടിക്കാട്ടി.