റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ; എതിരാളി സീഡില്ലാ താരം

മെൽബൺ ∙ െചക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് രണ്ടാം സീഡായ സ്വിസ് താരം റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ. കടുത്ത പോരാട്ടത്തിനൊടുവിൽ 7–6, 6–3, 6–4 എന്ന സ്കോറിനാണ് ക്വാർട്ടറിൽ ഫെഡററിന്റെ ജയം. ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ഹ്യൂൻ ചുങ്ങാണ് സെമിയിൽ ഫെഡററിന്റെ എതിരാളി. രണ്ടാം സെമിയിൽ ക്രൊയേഷൻ താരം മരിൻ സിലിച്ചും ബ്രിട്ടന്റെ കൈൽ എഡ്മണ്ടും തമ്മിലാണ് നേർക്കുനേർ വരിക.

ആദ്യസെറ്റിലെ ചില പരിഭ്രമങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അനായാസമായിരുന്നു ഫെഡററുടെ മുന്നേറ്റം. 7-6ന് നേടിയ ആദ്യ സെറ്റിന് ശേഷം 6-3നും 6-4നും മല്‍സരം നിലവിലെ ചാംപ്യന്‍റെ റാക്കറ്റിനോട് ചേര്‍ന്നു. നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് ശ്രദ്ധ നേടിയ ഹ്യുന്‍ ചുങ്ങ് ക്വാര്‍ട്ടറിലും മികവ് തുടര്‍ന്നു. അമേരിക്കയുടെ സാന്‍ഡ് ഗ്രെന്നിനെ തോല്‍പ്പിച്ച ഹ്യൂൻ ഗ്രാന്‍ഡ്സ്‌ലാം സെമിയില്‍ കടക്കുന്ന ആദ്യ ദക്ഷിണകൊറിയന്‍ താരമെന്ന ബഹുമതി സ്വന്തമാക്കി.

വനിതാ വിഭാഗം സിംഗിൾസിലും ക്വാർട്ടർ ലൈനപ്പായപ്പോൾ ഒന്നാം സെമിയിൽ രണ്ടാം സീഡ് കരോളിൻ വോസ്നിയാക്കിയും സീഡില്ലാ താരം എലിസെ മെർട്ടൻസും ഏറ്റുമുട്ടും. സിമോണ ഹാലെപ്പും ഏഞ്ചലിക് കെർബറും തമ്മിലാണ് രണ്ടാം െസമി. സോരസ് നവോരയെ വീഴ്ത്തിയാണ് വോസ്നിയാക്കി സെമിയിൽ ഇടം പിടിച്ചത്. 6–0, 6–7, 6–2 എന്ന സ്കോറിനാണ് വോസ്നിയാക്കി ജയിച്ചുകയറിയത്.