ആദ്യം പകച്ചു, പിന്നെ എറിഞ്ഞിട്ടു; മൂന്നാം ടെസ്റ്റിൽ വിജയം നേടി ഇന്ത്യയുടെ തിരിച്ചുവരവ്

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ.

ജൊഹാനസ്ബർഗ്∙ പേസും ബൗണ്‍സും നിറഞ്ഞ പിച്ചൊരുക്കി ആതിഥേയർ ഒരുക്കിയ വെല്ലുവിളിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആശ്വാസജയം. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഒന്നര ദിവസത്തെ കളി ബാക്കിനിൽക്കെ 63 റൺസിനാണ് ഇന്ത്യയുടെ വിജയം. 241 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 177 റൺസിന് എറിഞ്ഞിട്ടാണ് കോഹ്‍ലിപ്പട വിജയം പിടിച്ചെടുത്തത്. തോൽവിക്കിടയിലും ദക്ഷിണാഫ്രിക്കൻ നിരയിൽ ഡീൻ എൽഗാർ കാഴ്ചവച്ച പോരാട്ടവീര്യം ശ്രദ്ധേയമായി. ഓപ്പണറായി ഇറങ്ങിയ എൽഗാർ 86 റൺസുമായി പുറത്താകാതെ നിന്നു. മൂന്നാം ടെസ്റ്റ് തോറ്റെങ്കിലും ആദ്യ രണ്ടു ടെസ്റ്റുകൾ വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേട്ടവുമായി മുന്നിൽനിന്ന് പടനയിച്ച മുഹമ്മദ് ഷാമിയാണ് ഇന്ത്യയുടെ വിജയശിൽപി. അതേസമയം, ബാറ്റുകൊണ്ടും പന്തുകൊണ്ടും രണ്ട് ഇന്നിങ്സിലും ടീമിന്റെ നെടുന്തൂണായി മാറിയ ഭുവനേശ്വർ കുമാറാണ് കളിയിലെ കേമൻ. ആദ്യ രണ്ടു ടെസ്റ്റുകളിലും ദക്ഷിണാഫ്രിക്കൻ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച വെർനോൺ ഫിലാൻഡർ പരമ്പരയുടെ താരമായി. ആദ്യ ഇന്നിങ്സിൽ ലീഡു വഴങ്ങിയശേഷം വിജയം പിടിച്ചെടുക്കാനായത് ഉടൻ തുടങ്ങുന്ന ഏകദിന പരമ്പരയിൽ ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരും. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. അതേസമയം, ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര നേടാനായിട്ടില്ലെന്ന നിരാശ ഇപ്പോഴും ബാക്കി.

സ്കോർ: ഇന്ത്യ – 187 & 247, ദക്ഷിണാഫ്രിക്ക – 194 & 177

അക്ഷരാർഥത്തിൽ ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ വാണ്ടറേഴ്സിലെ പിച്ചിൽ ഓപ്പണർ ഡീൻ എൽഗാർ പുറത്തെടുത്ത പോരാട്ടവീര്യത്തെ ടീം വർക്കു കൊണ്ട് മറികടന്നാണ് കോഹ്‍ലിയും സംഘവും ആശ്വാസ ജയം നേടിയത്. ഒരു ഘട്ടത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 53 റൺസിനിടെയാണ് അവസാന ഒൻപതു വിക്കറ്റുകൾ നഷ്ടമായത്. പിച്ച് തീർത്തും അപകടകരമായി മാറിയതിനെ തുടർന്ന് മൂന്നാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചിരുന്നു.

ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മികച്ച പ്രതിരോധവുമായി കളം നിറഞ്ഞ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഡീൻ എൽഗാർ 86 റൺസുമായി പുറത്താകാതെ നിന്നു. 240 പന്തുകൾ നേരിട്ട എൽഗാർ ഒൻപതു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെയാണ് 86 റൺസെടുത്തത്. ഹാംഷിം അംല 140 പന്തിൽ അ‍ഞ്ച് ബൗണ്ടറികൾ ഉൾപ്പെടെ 52 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ അംല–എൽഗാർ സഖ്യം കൂട്ടിച്ചേർത്ത 119 റൺസിന്റെ സെഞ്ചുറി കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് തുടർച്ചയായ മൂന്നാം ജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും തകർപ്പൻ ഫോമിലേക്കുയർന്ന ഇന്ത്യൻ ബോളർമാർ വിജയം പിടിച്ചെടുക്കുകയായിരുന്നു.

എയ്ഡൻ മർക്രം (നാല്), ഡിവില്ലിയേഴ്സ് (ആറ്), ഫാഫ് ഡുപ്ലേസി (രണ്ട്), ക്വിന്റൺ ഡികോക്ക് (0), ഫെലൂക്‌വായോ (0), കഗീസോ റബാഡ (0), മോണി മോർക്കൽ (0), എൻഗിഡി (നാല്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി അഞ്ചും ജസ്പ്രീത് ബുംമ്ര, ഇഷാന്ത് ശർമ എന്നിവർ രണ്ടു വിക്കറ്റു വീതവും സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് ഭുവനേശ്വർ കുമാർ സ്വന്തമാക്കി.

പോരാട്ടത്തിന്റെ രണ്ടാം ഇന്നിങ്സ്

68 പന്തിൽ 48 റൺസെടുത്ത അജിൻക്യ രഹാനെയാണ് രണ്ടാമിന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 187 റൺസ് നേടിയിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ലോകേഷ് രാഹുൽ (44 പന്തിൽ 16), ചേതേശ്വർ പൂജാര (10 പന്തിൽ ഒന്ന്), മുരളി വിജയ് (127 പന്തിൽ 25), വിരാട് കോഹ്‍ലി (79 പന്തിൽ 41), ഹാർദിക് പാണ്ഡ്യ (11 പന്തിൽ നാല്), ഭുവനേശ്വർ കുമാർ (76 പന്തിൽ 33), മുഹമ്മദ് ഷമി (28 പന്തിൽ 27), ജസ്പ്രീത് ബുംമ്ര (ഏഴു പന്തിൽ പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

മൂന്നാം ദിനത്തിലെ രണ്ടാം ഓവറിൽത്തന്നെ ലോകേഷ് രാഹുലിനെ മടക്കി വെർനോൺ ഫിലാൻഡറാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. 44 പന്തിൽ രണ്ട് ബൗണ്ടറി ഉൾപ്പെടെ 16 റൺസെടുത്ത രാഹുലിനെ ഫിലാൻഡർ ഡുപ്ലേസിയുടെ കൈകളിലെത്തിച്ചു. ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടേതായിരുന്നു അടുത്ത ഊഴം. മോണി മോർക്കലിന്റെ ഉജ്വലമായ പന്തിൽ പൂജാരയുടെ ഷോട്ട് വീണ്ടും ഡുപ്ലേസിയുടെ കൈകളിലെത്തി.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‍ലി–വിജയ് സഖ്യം പോരാട്ടം ദക്ഷിണാഫ്രിക്കൻ ക്യാംപിലേക്കു നയിച്ചെങ്കിലും ഇന്ത്യൻ സ്കോർ മൂന്നക്കം തൊട്ടതിനു തൊട്ടുപിന്നാലെ മുരളി വിജയിനെ കഗീസോ റബാഡ പുറത്താക്കി. 127 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 25 റൺസായിരുന്നു വിജയിന്റെ സമ്പാദ്യം. നാലാം വിക്കറ്റിൽ കോഹ്‍ലിക്കൊപ്പം 43 റൺസ് കൂട്ടിച്ചേർക്കാനും വിജയിനായി. അർധസെഞ്ചുറിയിലേക്കെത്തും മുൻപെ വിരാട് കോഹ്‍ലിയെ റബാഡ ബൗൾഡ് ചെയ്തു പുറത്താക്കി. ടീമിൽ അവസരം ലഭിച്ച അജിൻക്യ രഹാനെയാണ് പിന്നാലെയെത്തിയത്.

മധ്യനിരയിലേക്ക് ബാറ്റിങ് ഓർ‍ഡറിൽ തള്ളപ്പെട്ടുവെങ്കിലും 48 റണ്‍സോടെ ടോപ് സ്കോററായാണ് രഹാനെ കൂടാരം കയറിയത്. പാണ്ഡ്യയെ റബാ‍ഡയും ഭുവനേശ്വർ കുമാറിനെ മോണി മോർക്കലും മുഹമ്മദ് ഷമിയെ എൻഗി‍ഡിയും പുറത്താക്കി. ഫിലാൻഡർക്കു വിക്കറ്റ് സമ്മാനിച്ച് ബുംമ്രയും പുറത്തായതോടെ രണ്ടാമിന്നിങ്സിലെ ഇന്ത്യൻ പോരാട്ടം 247ൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാൻഡർ, റബാഡ, മോണി മോർക്കൽ എന്നിവർ മൂന്നു വിക്കറ്റു വീതം വീഴ്ത്തി. എൻഗിഡി ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 187 റൺസിന് പുറത്തായിരുന്നു. തുടർച്ചയായ മൂന്നാം ടെസ്റ്റിലും ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയ്ക്ക് അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലി (54), ചേതേശ്വർ ‍പൂജാര (50 എന്നിവരാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വാലറ്റത്ത് ഭുവനേശ്വർ കുമാർ നടത്തിയ പ്രകടനവും (30) ഇന്ത്യയുടെ സ്കോർ 180 കടക്കുന്നതിൽ നിർണായകമായി. ആതിഥേയർക്കായി കഗീസോ റബാഡ മൂന്നു മോണി മോർക്കൽ, വെർനോൺ ഫിലാൻഡർ, ഫെലൂക്‌വായോ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.