വോസ്‌നിയാക്കി, ഹാലെപ്; ഏതു സുന്ദരി നേടും ഓസ്ട്രേലിയൻ ഓപ്പൺ?

സിമോണ ഹാലപ്പ്, കരോളിൻ വോസ്‌നിയാക്കി

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാവിഭാഗം സിംഗിൾസ് കിരീടത്തിന് ഇത്തവണ പുതിയ അവകാശി. ആദ്യ ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന ഒന്നാം സീഡായ റുമാനിയൻ താരം സിമോണ ഹാലെപ്പും രണ്ടാം സീഡ് ഡെൻമാർക്കിന്റെ കരോളിൻ വോസ്‌നിയാക്കിയുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുക. ഇന്നുനടന്ന സെമി മൽസരങ്ങളിൽ വോസ്‌നിയാക്കി ബെൽജിയം താരം എലിസെ മെർട്ടൻസിനെയും ഹാലെപ്പ് ജർമനിയുടെ ആഞ്ജലിക് കെർബറിനെയും തോൽപ്പിച്ചു.

ബെൽജിയത്തിന്റെ സീഡില്ലാതാരം എലിസെ മെർട്ടൻസിനെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് ഇരുപത്തിയേഴുകാരിയായ കരോളിൻ വോസ്‌നിയാക്കിയുടെ ഫൈനൽ പ്രവേശം. സ്കോർ 6–3, 7–6 (7–2). കരോളിൻ വോസ്‌നിയാക്കിയുടെ കന്നി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലാണിത്. ആദ്യ ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന വോസ്‍നിയാക്കി 2009ലും 2014ലും യുഎസ് ഓപ്പൺ ഫൈനലിൽ കടന്നെങ്കിലും രണ്ടു തവണയും പരാജയപ്പെട്ടു.

അതേസമയം, കടുത്ത പോരാട്ടം നടന്ന രണ്ടാം സെമിയിൽ 2016ലെ ചാംപ്യൻ ആഞ്‌ജലിക് കെർബറിനെ 6–3, 4–6, 9–7 എന്ന സ്കോറിൽ മറികടന്നാണ് ഒന്നാം സീഡ് സിമോണ ഹാലെപ്പ് കലാശപ്പോരിനു യോഗ്യത നേടിയത്. ഹാലെപ്പിന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലാണിത്. ഇതുവരെ ഗ്രാൻസ്‌ലാം കിരീടം നേടിയിട്ടില്ലാത്ത ഹാലെപ്പ്, 2014, 2017 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കടന്നിരുന്നു. വിംബിൾഡണിൽ 2014ലും യുഎസ് ഓപ്പണിൽ 2015ലും സെമിയിൽ കടന്നിട്ടുണ്ട്. നേരത്തെ, കരോലിന പ്ലിസ്കോവയെ 6–3, 6–2നു തകർത്താണു ഹാലെപ്പ് സെമിയിലേക്കു മുന്നേറിയത്.