മരിൻ സിലിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ; എതിരാളി ഫെഡറർ/ഹിയോൺ

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടന്ന മരിൻ സിലിച്ചിന്റെ ആഹ്ലാദം.

മെൽബൺ ∙ ബ്രിട്ടന്റെ വിസ്മയ താരം കൈൽ എഡ്മണ്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ക്രൊയേഷ്യൻ താരം മരിൻ സിലിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. 6–2, 7–6 (7–4), 6–2 എന്ന സ്കോറിനാണ് ആറാം സീഡായ സിലിച്ച് കൈൽ എഡ്മണ്ടിനെ തോൽപ്പിച്ചത്. റോജർ ഫെഡറർ–ചങ് ഹിയോൺ മൽസര വിജയികളെയാണ് സിലിച്ച് ഫൈനലിൽ നേരിടുക.

ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിനെ മറികടന്നാണ് മരിൻ സിലിച്ച് ഫൈനലിൽ കടന്നത്. ക്വാർട്ടർ ഫൈനൽ മൽസരത്തിനിടെ തോളിനേറ്റ പരുക്കിനെത്തുടർന്ന് നദാൽ മൽസരത്തിൽനിന്നു പിൻമാറുകയായിരുന്നു. മൽസരം അഞ്ചാം സെറ്റിലെത്തി നിൽക്കെയായിരുന്നു നദാലിന്റെ വിടവാങ്ങൽ (6–3, 3–6, 7–6, 2–6, 0–2). സിലിച്ചിന്റെ കന്നി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലാണിത്. 2014ൽ യുഎസ് ഓപ്പൺ കിരീടം ചൂടിയ ഈ ഇരുപത്തൊൻപതുകാരൻ, കഴിഞ്ഞ വർഷം വിംബിൾഡൻ ഫൈനലിലുമെത്തി. 

അതേസമയം, മൂന്നാം സീഡ് ഗ്രിഗർ ദിമിത്രോവിനെതിരെ ആധികാരികമായി ജയിച്ച കൈൽ എഡ്മണ്ട് ഓപ്പൺ യുഗത്തിൽ ഓസ്ട്രേലിയൻ ഓപ്പൺ സെമിഫൈനലിലെത്തുന്ന നാലാമത്തെ ബ്രിട്ടിഷ് താരമായി മാറിയിരുന്നു. 6–4, 3–6, 6–3, 6–4 എന്ന സ്കോറിനായിരുന്നു എഡ്മണ്ടിന്റെ ക്വാർട്ടർ വിജയം.