ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ ഐസ്‌ലൻഡിൽനിന്നു വരുന്നു, ബാൾഡ്‌വിൻസൻ

ബാൾഡ്‌വിൻസന്റെ വരവ് പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച ചിത്രം.

കൊച്ചി ∙ ഐഎസ്എൽ നാലാം സീസണിൽ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാതെ ഉഴറുന്ന കേരളാ ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ ഐസ്‌ലൻഡിൽ നിന്നൊരു താരം വരുന്നു. ഐസ്‌ലൻഡ് ദേശീയ ടീമിനായി ബൂട്ടു കെട്ടിയിട്ടുള്ള ഗുഡ്‌യോൻ ബാൾഡ്‌വിൻസനുമായി കരാർ ഒപ്പിട്ടതായി കേരളാ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ലോൺ അടിസ്ഥാനത്തിലാണ് താരത്തിന്റെ വരവ്.

ഐഎസ്എല്ലില്‍ കളിക്കാനെത്തുന്ന ആദ്യത്തെ ഐസ്‌ലന്‍ഡ് താരമാണ് ഗുഡ്‌യോന്‍ ബാള്‍ഡ്‍വിന്‍സന്‍. സീസൺ നിർണായക ഘട്ടത്തിലേക്കു കടന്നതിനു പിന്നാലെ അപ്രതീക്ഷിതമായാണ് സിഫ്നിയോസ് ബ്ലാസ്റ്റേഴ്സ് വിട്ടത്. നാളെ കൊച്ചിയില്‍ ഡല്‍ഹി ഡൈനാമോസിനെ നേരിടാനിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് പുതിയ താരമെത്തുന്നത്.

സീസൺ പൂർത്തിയാകും മുൻപേ ടീം വിട്ട ഡച്ച് താരം മാർക് സിഫ്നിയോസിന് പകരക്കാരനായാണ് സ്ട്രൈക്കറായ ബാൾഡ്‌വിൻസൻ എത്തുന്നത്. ഐസ്‌ലൻഡിലെ വിവിധ ക്ലബ്ബുകൾക്കായും സ്വീഡിഷ് ക്ലബ് ‘ഗായിസി’നായും കളിച്ചിട്ടുള്ള താരത്തിന്റെ വരവിനെക്കുറിച്ച് ഏതാനും ദിവസങ്ങളായി ആരാധർക്കിടയിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് മുപ്പത്തിയൊന്നുകാരനായ താരവുമായി കരാറിലെത്തിയ വിവരം ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചത്.

അതേസമയം, കേരളാ ബ്ലാസ്റ്റേഴ്സ് വിട്ട മാര്‍ക് സിഫ്നിയോസ് എഫ്സി ഗോവയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്പാനിഷ് സ്ട്രൈക്കര്‍ അഡ്രിയാന്‍ കോളൂംഗയുമായുള്ള കരാര്‍ അവസാനിപ്പിച്ച ഗോവ സിഫ്നിയോസിനെ പകരക്കാരനാക്കാനുള്ള ശ്രമത്തിലാണ്. ഡച്ച് ദേശീയ ടീമില്‍ കളിക്കുന്നതിന് വേണ്ടിയല്ല സിഫ്നിയോസ് ബ്ലാസ്റ്റേഴ്സ് വിട്ടതെന്ന് ഈ നീക്കത്തോടെ വ്യക്തമായി. മുന്‍ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീനാണ് സിഫ്നിയോസിനെ ബ്ലാസ്റ്റേഴ്സിലെത്തിച്ചത്. മ്യൂലന്‍സ്റ്റീന്‍ ഉള്ളതു കൊണ്ടാണ് താന്‍ കേരളത്തിലേക്ക് വന്നതെന്ന് സിഫ്നിയോസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.