ചരിത്രം അരികെ; ഓസ്ട്രേലിയൻ ഓപ്പണിൽ ഹിയോണിനെ ‘വീഴ്ത്തി’ ഫെഡറർ ഫൈനലിൽ

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടന്ന റോജർ ഫെഡററിന്റെ ആഹ്ലാദം.

മെൽബൺ ∙ ഇരുപതാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന സ്വിസ് ഇതിഹാസം റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. ടെന്നിസ് ലോകത്തെ ഞെട്ടിച്ച വിസ്മയക്കുതിപ്പിലൂടെ സെമിയിൽ കടന്ന ദക്ഷിണകൊറിയയുടെ സീഡ‍ില്ലാ താരം ചങ് ഹിയോണിനെ മറികടന്നാണ് മുപ്പത്തിയാറുകാരനായ ഫെഡററിന്റെ മുന്നേറ്റം. നിലവിലെ ചാംപ്യൻ കൂടിയായ ഫെഡറർ 6–1, 5–2 എന്ന സ്കോറിൽ മുന്നിൽ നിൽക്കുമ്പോൾ ഹിയോൺ പരുക്കേറ്റ് പിൻമാറുകയായിരുന്നു.

ഓസ്ട്രേലിയൻ ഓപ്പണിൽ ഫെഡററിന്റെ ഏഴാം ഫൈനലാണിത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ക്രൊയേഷ്യൻ താരം മരിൻ സിലിച്ചാണ് ഫെഡററിന്റെ എതിരാളി. കലാശപ്പോരിൽ സിലിച്ചിനെ മറികടക്കാനായാൽ ആറാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും 20–ാം ഗ്രാൻസ്‌ലാം കിരീടവും ഫെഡററിനു സ്വന്തമാക്കാം. ആറു തവണ വീതം ഓസ്ട്രേലിയൻ ഓപ്പൺ നേടിയിട്ടുള്ള നൊവാക് ജോക്കോവിട്ട്, റോയ് എമേഴ്സൻ എന്നിവരുടെ റെക്കോർഡിന് ഒപ്പമെത്താനുള്ള അവസരം കൂടിയാണ് ഫെഡററിന് ഇത്.

നേരത്തെ, ചെക്ക് റിപ്പബ്ലിക്കിന്റെ ടോമസ് ബെർഡിച്ചിനെതിരെ 7–6, 6–3, 6–4 ജയത്തോടെയാണ് പതിനാലാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിലേക്കു ഫെഡറർ പ്രവേശിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിൽ കളിച്ച 106 മൽസരങ്ങളിൽ തൊണ്ണൂറ്റിമൂന്നും വിജയിക്കാൻ കഴിഞ്ഞുവെന്ന നേട്ടവും ഫെഡറർ സ്വന്തമാക്കി.

അതേസമയം, ഗ്രാൻസ്‌ലാം ഫൈനൽ കളിക്കുന്ന ആദ്യ ദക്ഷിണകൊറിയൻ താരമെന്ന ബഹുമതിയാണ് ‘കപ്പിനും ചുണ്ടിനു’മിടയിൽ ചങ്ങിന് നഷ്ടമായത്. മുൻ ചാംപ്യൻ നൊവാക് ജോക്കോവിച്ചിനെയും നാലാം സീഡ് അലക്സാണ്ടർ സ്വരേവിനെയും വീഴ്ത്തിയ ഹിയോണിന്റെ സ്വപ്ന തുല്യമായ കുതിപ്പിനു കീടിയാണ് സെമിയിൽ ഫെഡറർ കടിഞ്ഞാണിട്ടത്.