ഓസ്ട്രേലിയൻ ഓപ്പൺ ‘ഡെൻമാർക്കിലേക്ക്’; വോസ്നിയാസ്കിക്ക് കന്നി ഗ്രാൻസ്‌ലാം കിരീടം

കരോളിൻ വോസ്‌നിയാസ്ക്കി

മെൽബൺ ∙ ഡെൻമാർക്ക് താരം കരോളിൻ വോസ്‍നിയാസ്കിക്ക് ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം. മൂന്നു മണിക്കൂറോളം നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിൽ റുമാനിയൻ താരം സിമോണ ഹാലെപ്പിനെ വീഴ്ത്തിയാണ് വോസ്നിയാസ്ക്കി കന്നി ഗ്രാൻസ്‍ലാം കിരീടത്തിൽ മുത്തമിട്ടത്. 7–6, 3-6, 6-4 എന്ന സ്കോറിനാണ് വോസ്നിയാസ്ക്കിയുടെ വിജയം. ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഡെൻമാർക്ക് താരമാണ് വോസ്നിയാസ്കി.

വിജയത്തോടെ ലോക ഒന്നാം നമ്പർ പദവിയും വോസ്നിയാസ്ക്കി ഹാലെപ്പിൽനിന്ന് തിരിച്ചെടുത്തു. ഇത് പതിനേഴാം തവണയാണ് ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ രണ്ടു സീഡുകൾ ഫൈനലിൽ ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയുമുണ്ട്.

വോസ്നിയാസ്കിയുടെ മൂന്നാം ഗ്രാൻസ്‌ലാം ഫൈനലായിരുന്നു ഇത്. ആദ്യ കിരീടവിജയവും. മുൻപ് രണ്ടു തവണ യുഎസ് ഓപ്പൺ ഫൈനലിൽ കടന്നിട്ടുണ്ടെങ്കിലും രണ്ടു തവണയും തോൽക്കാനായിരുന്നു വിധി. സെമിയിൽ സീഡ് ചെയ്യാത്ത എലീസ് മെർട്ടൻസിനെ 6–3, 7–6ന് ആണു വോസ്നിയാസ്കി തോൽപ്പിച്ചത്. 2009ൽ യുഎസ് ഓപ്പൺ ഫൈനലിൽ കടന്നിട്ടുള്ള വോസ്നിയാസ്കിക്ക് എട്ടുവർഷമായിട്ടും ഒരു കിരീടം അകന്നുപോവുകയായിരുന്നു. 67 ആഴ്ച ലോക ഒന്നാം സീഡായിരുന്നിട്ടും വോസ്നിയാസ്കിക്ക് ഒരു ഗ്രാൻസ്‌ലാം നേടാൻ കഴിഞ്ഞിരുന്നില്ല.

മുൻ ഓസ്ട്രേലിയൻ ഓപ്പൺ ജേത്രി ജർമനിയുടെ ഏയ്ഞ്ചലിക് കെർബറെ മൂന്നു സെറ്റ് നീണ്ട ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ മറികടന്നാണു ഹാലെപ് ഫൈനലിൽ കടന്നത്. സ്കോർ: 6–3, 4–6, 9–7. റോളണ്ട് ഗാരോയിൽ രണ്ടുതവണ കലാശപ്പോരാട്ടത്തിൽ (2014, 2017 )കാലിടറിയ ചരിത്രം ഹാലെപ്പിനുണ്ട്. ഇതിനു പിന്നാലെയാണ് ഒരിക്കൽക്കൂടി ഫൈനലിൽ കാലിടറിയത്.