Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപുമായി രഹസ്യബന്ധം: ഒറ്റയ്ക്ക് പ്രസിഡന്റിനെ കണ്ടിട്ടില്ലെന്ന് നിക്കി ഹാലെ

nikki-haley നിക്കി ഹാലെ

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി രഹസ്യ ബന്ധമുണ്ടെന്ന പ്രചാരണങ്ങളെ തള്ളി ഐക്യരാഷ്‌ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ. ഇത്തരം പ്രചാരണങ്ങൾ നിന്ദ്യവും വെറുപ്പുണ്ടാക്കുന്നതുമാണെന്നു നിക്കി ഹാലെ പ്രതികരിച്ചു. യാതൊരു സത്യവുമില്ലാത്ത കാര്യമാണിത്. യുഎസ് പ്രസിഡന്റിന്റെ എയർ ഫോഴ്സ് വണ്ണിൽ ഒരു തവണ മാത്രമാണ് കയറിയിട്ടുള്ളത്. എന്നാൽ അന്ന് അവിടെ ഒരുപാടു പേർ ഉണ്ടായിരുന്നതായും നിക്കി പറഞ്ഞു.

‘ഫയർ ആൻഡ് ഫ്യൂരി’യെന്ന പുസ്തകത്തിലൂടെയാണ് മൈക്കൽ വോള്‍ഫ് നിക്കി ഹാലെയ്ക്കു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചത്. രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഏറെ സമയം നിക്കി ട്രംപുമായി സംസാരിച്ചിരുന്നെന്നായിരുന്നു ആരോപണം. യുഎസ് പ്രസിഡന്‍റിന്റെ എയർഫോഴ്സ് വണ്ണിൽവച്ചും വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിലും ആയിരുന്നു കൂടിക്കാഴ്ചകളെന്നും വൂൾഫ് വ്യക്തമാക്കി. എന്നാൽ ട്രംപുമായി രാഷ്ട്രീയ ഭാവിയെക്കുറിച്ചു ഒരു വാക്കുപോലും സംസാരിച്ചിരുന്നില്ലെന്നു നിക്കി ഹാലെ വ്യക്തമാക്കി.

പ്രസിഡന്റിന്റെ കൂടെ ഒരിക്കലും ഒറ്റയ്ക്കു സമയം ചെലവഴിച്ചിട്ടില്ല. നേരത്തേയും രാഷ്ട്രീയത്തിൽ ഇത്തരം ആരോപണങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്. യുഎസ് അസംബ്ലിയിൽ അംഗമായിരുന്നപ്പോഴും ഗവർണർ ആയിരുന്നപ്പോഴും ഇത്തരം കാര്യങ്ങൾ നേരിട്ടിട്ടുണ്ട്. സ്ത്രീകൾക്കു പ്രാധാന്യം ലഭിക്കുമ്പോഴും അവർ ജോലി ചെയ്യുമ്പോ​ഴും കാര്യങ്ങൾ അവരിലേക്കെത്തുമ്പോഴുമാണ് ഇത്തരം ആരോപണങ്ങൾ ഉണ്ടാകുക.

ഈ കാര്യങ്ങളെ വകവയ്ക്കുന്നില്ല. ശക്തമായിത്തന്നെ ചുമതലകളുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോപണങ്ങൾ തന്നെ കൂടുതൽ ശക്തയാക്കുന്നതായും തനിക്കു പിന്നിലുള്ള സ്ത്രീകൾക്കു വേണ്ടി കടമകൾ വിജയകരമായി നടപ്പാക്കുമെന്നും നിക്കി ഹാലെ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ഡോണൾ‍ഡ് ട്രംപിന്റെ കീഴിൽ വൈറ്റ് ഹൗസിൽ നടക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന പുസ്തകമാണ് മൈക്കൽ വോൾഫിന്റെ ഫയർ ആൻഡ് ഫ്യൂരി. 322 പേജുള്ള പുസ്തകത്തിൽ രാജ്യം ഭരിക്കാൻ ആവശ്യമായ ബുദ്ധിശക്തി പോലും ട്രംപിനുണ്ടോയെന്ന കാര്യത്തിൽ സംശയം പ്രക‌ടിപ്പിക്കുന്നുണ്ട്.