Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയ്ക്കെതിരെ കടുത്ത നടപടികൾ തുടരും; നിലപാട് വ്യക്തമാക്കി അമേരിക്ക

Trump-Kim ഡോണൾഡ് ട്രംപ്, കിം ജോങ് ഉൻ

വാഷിങ്ടൻ∙ ആണവ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയ്ക്കെതിരായ സമ്മർദ തന്ത്രങ്ങൾ കൂടുതൽ ശക്തമാക്കാൻ യുഎസ്. കടുത്ത നടപടികള്‍ തുടരാനാണ് യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും തീരുമാനമെന്ന് പെന്റഗൺ മേധാവി ജിം മാറ്റിസ് അറിയിച്ചു. ഉത്തര–ദക്ഷിണ കൊറിയകൾ തമ്മിലുള്ള ചർച്ചകളെ പിന്തുണയ്ക്കുന്നു. ‌എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഉത്തര കൊറിയയ്ക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ തുടരുമെന്നും മാറ്റിസ് അറിയിച്ചു. 

യുഎസ് പസഫിക് കമാന്‍ഡിന്റെ കേന്ദ്ര കാര്യാലയത്തിൽ ദക്ഷിണ കൊറിയൻ പ്രതിരോധ മേധാവി സോങ് യങ് മൂവുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് കൊറിയൻ ബന്ധത്തിൽ യുഎസ് നിലപാടറിയിച്ചത്. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഉത്തര കൊറിയൻ ഭരണകൂടം ലോകത്തിനു തന്നെ ഭീഷണിയാണ്. നയതന്ത്രത്തിലൂന്നിയാണ് ഈ ഭീഷണിയെ നേരിടുന്നതെന്നും യുഎസ് അറിയിച്ചു. 

ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിംപിക്സിൽ ഒരു കൊടിക്കു കീഴിൽ അണിനിരക്കാൻ നേരത്തേ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തീരുമാനിച്ചിരുന്നു. വനിതകളുടെ ഐസ് ഹോക്കി മൽസരത്തിൽ സംയുക്ത ടീമിനെയാണ് ഇറക്കുന്നത്. അതേസമയം ശീതകാല ഒളിംപിക്സ് തുടങ്ങുന്നതിന്റെ തലേദിവസം ഉത്തര കൊറിയ തലസ്ഥാനമായ പ്യോങ്‍യാങ്ങിൽ സൈനിക പരേഡ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.