36–ാം വയസ്സിൽ ഇരുപതാം ഗ്രാൻസ്‌ലാം കിരീടം; ചരിത്രം കുറിച്ച് ഫെഡറർ

ഓസ്ട്രേലിയൻ ഓപ്പൺ നേടിയ റോജർ ഫെഡററിന്റെ ആഹ്ലാദം.

മെൽബൺ ∙ പ്രായം കൂടുന്തോറും വീര്യമേറുന്ന ടെന്നിസ് ലഹരിയാണ് റോജർ ഫെഡറർ. ഓരോ കിരീടധാരണത്തിനു ശേഷവും ഇനിയൊന്നുണ്ടാകുമോ എന്നു സംശയിക്കുന്നവരുടെ എണ്ണം ഏറി വരുമ്പോഴും ഫെഡററിന് ആധിയില്ല. വർഷത്തിലെ ആദ്യ ഗ്രാൻസ്‌ലാം ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം തൊട്ട്, 2018 ലും താൻ ഇവിടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു ഈ മുപ്പത്തിയാറുകാരൻ. പ്രായത്തിൽ ഏറെ പിന്നിലുള്ള ക്രൊയേഷ്യൻ താരം മരിൻ സിലിച്ചിനെ അഞ്ചു സെറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ മറികടന്നാണ് ഫെഡററിന്റെ കിരീടധാരണം. സ്കോർ: 6–2, 6–7, 6–3, 3–6, 6–1.

ക്രൊയേഷ്യൻ താരത്തെ കാര്യമായ പോരാട്ടത്തിനു പോലും അനുവദിക്കാതെയാണ് സ്വിസ് താരം ആദ്യ സെറ്റ് സ്വന്തമാക്കിയത്. കടുത്ത പോരാട്ടം നടന്ന രണ്ടാം സെറ്റിൽ ഫെഡററിന്റെ വെല്ലുവിളി അതിജീവിച്ച സിലിച്ച് ഒപ്പമെത്തി. 6–3 ന് മൂന്നാം സെറ്റ് ഫെഡററും നാലാം സെറ്റ് സിലിച്ചും സ്വന്തമാക്കിയതോടെ കലാശപ്പോര് അഞ്ചാം സെറ്റിലേക്ക്. നിർണായക ഘട്ടത്തിൽ തന്റെ അനുഭവ സമ്പത്തു മുഴുവൻ പുറത്തെടുത്ത ഫെഡറർ അനായാസം സെറ്റും മൽസരവും സ്വന്തമാക്കി; ഒപ്പം 20–ാം ഗ്രാൻസ്‍ലാം കിരീടവും.

കരിയറിലെ 30–ാം ഗ്രാൻസ്‌ലാം ഫൈനൽ കളിച്ച ഫെഡററിന്റെ 20–ാം കിരീടനേട്ടമാണ് മെൽബണിൽ പിറന്നത്. ഇക്കാര്യത്തിൽ മറ്റേതൊരു താരത്തെയുംകാൾ ബഹുദൂരം മുന്നിൽ. ആറാം ഓസ്ട്രേലിയൻ ഓപ്പണും സ്വന്തമാക്കിയ ഫെഡറർ, ഇക്കാര്യത്തിൽ നോവാക് ജോക്കോവിച്ച്, റോയ് എമേഴ്സൻ എന്നിവരുടെ റെക്കോർഡിനൊപ്പമെത്തി. ഓസ്ട്രേലിയൻ ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡ് അദ്ദേഹം പുതുക്കുകയും ചെയ്തു. 2017 ൽ കിരീടം നേടിയപ്പോഴാണ് ഫെഡറർ ഈ നേട്ടം സ്വന്തമാക്കിയത്. 1972 ൽ, 37–ാം വയസ്സിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ കെൻ റോസ്‍വാളാണ് ഇക്കാര്യത്തിൽ ഫെഡററിന് മുന്നിലുള്ളത്.

അതേസമയം, മൂന്നാം ഗ്രാൻസ്‍ലാം ഫൈനൽ കളിച്ച ക്രൊയേഷ്യൻ താരത്തിന്റെ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ വർഷം വിംബിൾഡനിലും ഫൈനലിൽ കടന്നെങ്കിലും ഫൈനലിൽ റോജർ ഫെഡററിനോടു തന്നെ തോൽക്കുകയായിരുന്നു. 2014ൽ നേടിയ യുഎസ് ഓപ്പണാണ് സിലിച്ചിന്റെ പേരിലുള്ള ഏക ഗ്രാൻസ്‍ലാം കിരീടം.