ഐ ലീഗ്: ഷില്ലോങ് ലജോങ് എഫ്സിയെ 3–2നു തകർത്ത് ഗോകുലം കേരള

ഷില്ലോങ് ലജോങ്ങിനെതിരെ ഗോകുലത്തിന്റെ മുന്നേറ്റം

കോഴിക്കോട്∙ ഐ ലീഗിൽ കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരള എഫ്സിക്കു നാലാം ജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മല്‍സരത്തിൽ ഷില്ലോങ് ലജോങ് എഫ്സിയെ ഗോകുലം തോൽപ്പിച്ചു. മഹ്മൂദ് അൽ അജ്മി (52), കെ. സിമോമി (74), അർജുന്‍ ജയരാജ് (90) എന്നിവരുടെ ഗോളുകളിലാണ് ഗോകുലത്തിന്റെ മുന്നേറ്റം. ഷില്ലോങ്ങിനായി എ.കോഫി(25), ഓജുഹോ (54) എന്നിവരും ഗോളുകൾ നേടി.

ആദ്യം ഒരു ഗോൾ വഴങ്ങിയതിനു ശേഷമാണ് മൂന്നു ഗോളുകൾ തിരിച്ചടിച്ച് ഗോകുലം ജയം പിടിച്ചെടുത്തത്. ഇതിനു മുൻപ് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ഷില്ലോങ് വിജയിച്ചിരുന്നു. 12 മൽസരങ്ങളിൽ ഏഴു കളികളിലാണ് ഗോകുലം ഇതുവരെ തോറ്റത്.