ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം; ധാര്‍മ്മിക രാഷ്ട്രീയത്തിനേല്‍ക്കുന്ന പ്രഹരം: കുമ്മനം രാജശേഖരൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

കാസര്‍കോട്∙ ഫോണ്‍ വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എ.കെ. ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിനുള്ള നീക്കം ധാര്‍മ്മിക ആദര്‍ശ രാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി വികാസ് യാത്രയ്ക്കായി കാസര്‍കോടെത്തിയതായിരുന്നു അദ്ദേഹം. മന്ത്രി സ്ഥാനത്തു തിരിച്ചെത്തുകയെന്നതു നിയമപരമായി ശരിയല്ല. ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്തു കൊണ്ടാണു രാജിവെയ്ക്കുന്നതെന്ന് അന്നു പറഞ്ഞ ശശീന്ദ്രന്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ വളഞ്ഞ വഴിയില്‍ ശ്രമങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്. ഏതു സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്കു പോകാനുള്ള മാറ്റം വന്നിരിക്കുന്നതെന്ന് കുമ്മനം ചോദിച്ചു.

കാസര്‍കോട് നടന്നുവരുന്ന എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ക്ക് ബിജെപി പിന്തുണ നല്‍കി അവരോടൊപ്പം ചേര്‍ന്ന് നീതിക്കായുള്ള പോരാട്ടങ്ങള്‍ നടത്തുമെന്ന് കുമ്മനം വ്യക്തമാക്കി. കുടിവെള്ളം ആഹാരം തുടങ്ങിയവ കിട്ടാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ധൂര്‍ത്ത് വർധിച്ചു വരികയാണു ചെയ്യുന്നത്. പാവങ്ങളുടെ പടത്തലവനെന്ന് ആവകാശപ്പെടുന്ന മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ഹൃദയവികാരം കാണാനുള്ള മനുഷ്യത്വമുണ്ടാകണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.