കാന്‍സർ മരുന്നുകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ സർക്കാർ; ഫാക്ടറിക്ക് 20 കോടി

തിരുവനന്തപുരം∙ കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ ചെലവില്‍ നിർമിക്കാന്‍ കേരളത്തില്‍ ആദ്യമായി പൊതുമേഖലയില്‍ ഫാക്ടറി ആരംഭിക്കുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടിരൂപ ബജറ്റില്‍ നീക്കിവച്ചു. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിനാണ്(കെഎസ്ഡിപി) ചുമതല.

ആര്‍സിസിയുടെ കണക്കനുസരിച്ച് 55,000 പുതിയ കാന്‍സര്‍ രോഗികളാണ് ഓരോ വര്‍ഷവും റജിസ്റ്റര്‍ ചെയ്യുന്നത്. വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്ന 20,000 കാന്‍സര്‍ രോഗികള്‍ ഒരുവര്‍ഷം മരിക്കുന്നു. കാന്‍സര്‍ രോഗികള്‍ കേരളത്തില്‍ വര്‍ധിക്കുകയും, ചികില്‍സാ ചെലവുകള്‍ സാധാരണക്കാരനു താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാകുകയും ചെയ്ത സാഹചര്യത്തിലാണ് പൊതുമേഖലയില്‍ കാന്‍സര്‍ മരുന്നുകള്‍ നിർമിച്ച് കുറഞ്ഞ വിലയില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പേറ്റന്റ് കാലാവധി അവസാനിച്ച മരുന്നുകളാണ് നിര്‍മിക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ആര്‍സിസി, ആര്‍സിസിയുടെ ഉപകേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

രോഗികളുടെ എണ്ണം, ഉപയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതിനുശേഷം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും. മരുന്നു നിർമാണം അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കാന്‍ കഴിയുമെന്നാണ് കെഎസ്ഡിപിയുടെ പ്രതീക്ഷ.

കയറ്റുമതിക്കും നടപടി

കെഎസ്ഡിപിയില്‍ ഉൽപാദിപ്പിക്കുന്ന ജനറിക് മരുന്നുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു. ജനറിക് മരുന്നുകള്‍ ‘ജനറിക് കേരള’ എന്ന പേരിലായിരിക്കും ഉല്‍പാദിപ്പിക്കുക. ആദ്യഘട്ടത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു കയറ്റുമതി നടത്താനാണ് ഉദ്ദേശിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ മരുന്നുകള്‍ വില്‍ക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ സര്‍ട്ടിഫിക്കറ്റിനൊപ്പം അതത് രാജ്യങ്ങളുടെ അനുമതികൂടി ലഭ്യമായാലേ കയറ്റുമതി സാധ്യമാകൂ. നൈജീരിയ, ഘാന, കെനിയ എന്നീ രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ ആലോചിക്കുന്നത്.

സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കെഎസ്ഡിപി എംഡി എസ്.ശ്യാമള മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ശ്രീലങ്ക, സെനഗല്‍, കംബോഡിയ എന്നിവിടങ്ങളിലേക്കു മരുന്നുകള്‍ കയറ്റി അയയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ സാധ്യതയും പരിശോധിക്കുന്നു.