വ്യോമനിരീക്ഷണവും പരാജയം; മലയാളി ഉൾപ്പെട്ട എണ്ണക്കപ്പൽ ഇപ്പോഴും ‘അപ്രത്യക്ഷം’

എംടി–മറീന എക്സ്പ്രസ്. (ഫയൽ ചിത്രം: Jurij S/Marinetraffic.com)

ന്യൂഡൽഹി/പോർട്ടൊ–നോവോ∙ ഉദുമ സ്വദേശി ഉൾപ്പെടെ ഇരുപതിലേറെ യാത്രക്കാരുമായി പോയ എണ്ണക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചിയതെന്നു സംശയം. കപ്പൽ കാണാതായി 48 മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഉദുമ പെരിലാവളപ്പ് അശോകന്റെ മകൻ ശ്രീഉണ്ണി (25) ജോലി ചെയ്തിരുന്ന എംടി–മറീന എക്സ്പ്രസ് എന്ന കപ്പലാണ് ജനുവരി 31ന് വൈകിട്ട് ആറരയോടെ കാണാതായത്.

52.65 കോടി രൂപ വിലമതിക്കുന്ന 13,500 ടൺ ഇന്ധനമാണ് കപ്പലിലുള്ളത്. ഇതു തട്ടിയെടുക്കാനുള്ള ശ്രമമായിരിക്കാം കപ്പൽ കാണാതായതിനു പിന്നിലെന്നാണ് അനുമാനം. 22 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. പാനമയിലെ ആംഗ്ലോ ഈസ്റ്റേൺ ഷിപ്പിങ് മാനേജ്മെന്റിന്റെ കീഴിലുള്ളതാണ് കപ്പൽ.

ആഫ്രിക്കൻ രാജ്യമായ ബെനീനിലെ കൊട്ടോനൗവിൽ വച്ചാണ് അവസാനമായി കപ്പലിന്റെ സിഗ്നൽ ലഭിച്ചത്. ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗത്തിനു പിറ്റേന്നു രാവിലെ 2.36ന് ഗൾഫ് ഓഫ് ഗിനിയയിൽ വച്ച് കപ്പലുമായുള്ള ആശയവിനിമയവും സാധ്യമല്ലാതായി. ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ കപ്പലിനു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. ബെനീനിലെയും നൈജീരിയയിലെയും സർക്കാരിന്റെ സഹായം തേടി.

കപ്പൽ അവസാനമായി നങ്കൂരമിട്ട പ്രദേശത്ത് നൈജീരിയൻ സർക്കാരിന്റെ സഹായത്തോടെ വ്യോമനിരീക്ഷണം നടത്തിയെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. നൈജീരിയൻ നേവിയും കോസ്റ്റ് ഗാർഡും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കപ്പൽ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു നൈജീരിയയിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കി. കപ്പലിലുള്ളവരുമായി ബന്ധം സ്ഥാപിക്കാതെ എന്താണു സംഭവിച്ചതെന്നു പറയാനാകില്ലെന്നും. എംബസി അറിയിച്ചു.

മേഖലയില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് കപ്പൽ കാണാതാകുന്നത്. ജനുവരി ഒൻപതിനു കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ ആറു ദിവസത്തിനു ശേഷം മോചനദ്രവ്യം നൽകി തിരികെയെടുക്കുകയായിരുന്നു. ഇതിനു സമാനമായി എംടി–മറീന എക്സ്പ്രസും റാഞ്ചിയതാകുമെന്നാണു കരുതുന്നത്.