അതിർത്തിയിൽ പാക്ക് ആക്രമണം; കശ്മീരിൽ നാലു സൈനികർക്കു വീരമൃത്യു

പ്രതീകാത്മക ചിത്രം.

ശ്രീനഗര്‍∙ പാക്ക് പട്ടാളത്തിന്റെ ആക്രമണത്തിൽ നാല് ഇന്ത്യൻ സൈനികർക്കു വീരമൃത്യു. ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയോടു ചേർന്ന പൂഞ്ച്, രജൗരി ജില്ലകളിലാണു വെടിനിറുത്തൽ കരാർ ലംഘിച്ചു പാക്ക് സൈന്യത്തിന്റെ കനത്ത ആക്രമണമുണ്ടായത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈന്യം അറിയിച്ചു.

പാക്കിസ്ഥാൻ സൈനികര്‍ പ്രകോപനമില്ലാതെ നടത്തിയ ഷെല്ലാക്രമണത്തിലാണു നാല് ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്കു പരിക്കേറ്റു. ഞായറാഴ്ച രാവിലെ മുതല്‍ ഇവിടെ പാക്ക് സൈന്യം ആക്രമണം നടത്തിയിരുന്നു. മോർട്ടാറുകൾ, മിസൈലുകൾ. ഓട്ടമാറ്റിക് ആയുധങ്ങൾ എന്നിവയാണു പാക്കിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ചത്.

പൂഞ്ച് ജില്ലയിലുണ്ടായ ആക്രമണത്തില്‍ ഒരു പെൺകുട്ടിക്കും സൈനികനും പരുക്കേറ്റു. സാംബ സെക്ടറില്‍ അതിര്‍ത്തി രക്ഷാസേന പാക്ക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണു വെടിവയ്പ് ആരംഭിച്ചത്. പൂഞ്ചിൽ മൂന്നു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പാക്ക് ആക്രമണമാണിത്. കഴിഞ്ഞയാഴ്ച പന്ത്രണ്ടോളം സൈനിക പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു.

2014നു ശേഷം ഏറ്റവും കൂടുതൽ വെടിനിറുത്തൽ കരാർ ലംഘനങ്ങളാണു കഴിഞ്ഞമാസം പാക്കിസ്ഥാൻ നടത്തിയതെന്നു ഇന്ത്യൻ സേന വ്യക്തമാക്കി. ജനുവരി 18നും 22 നും ഇടയില്‍ ജമ്മുവിലുണ്ടായ ആക്രമണങ്ങളില്‍ എട്ടു പ്രദേശവാസികളും ആറു സൈനികരുമുള്‍പ്പടെ 14 പേരാണു കൊല്ലപ്പെട്ടത്. അറുപതിലധികം പേർക്കു പരുക്കേറ്റു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രജൗരി, പൂഞ്ച്, ജമ്മു, സാംബ ജില്ലകളിലെ 300 സ്കൂളുകള്‍ക്കു കഴിഞ്ഞ ദിവസങ്ങളി‍ൽ അവധി നൽകിയിരുന്നു.