ദിനകരൻ വിഡ്ഢികളുടെ സ്വർഗത്തിൽ; സർക്കാര്‍ വീഴില്ല: ഡി.ജയകുമാർ

ആർകെ നഗർ എംഎൽഎ ടി.ടി.വി.ദിനകരൻ.

ചെന്നൈ∙ തമിഴ്നാട് സർക്കാരിന്റെ നേതൃസ്ഥാനത്തു മാറ്റം വരില്ലെന്നു മന്ത്രി ഡി.ജയകുമാർ. അണ്ണാ ഡിഎംകെ വിമത നേതാവും ആർകെ നഗർ എംഎൽഎയുമായ ടി.ടി.വി.ദിനകരനു ഇക്കാര്യത്തിൽ പ്രതീക്ഷ വേണ്ടെന്നും ജയകുമാർ പറഞ്ഞു. യാതൊരു കാരണവശാലും ദിനകരന് ഇനി അണ്ണാ ഡിഎംകെയിൽ അംഗത്വം നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘വിമതപക്ഷവുമായി ഞങ്ങൾ കൂട്ടുചേരുമെന്നു പ്രതീക്ഷ വേണ്ട. ദിനകരൻ ജീവിക്കുന്നതു വിഡ്ഢികളുടെ സ്വർഗത്തിലാണ്. ഡിഎംകെയുമായി ചേർന്നു സർക്കാരിനെ താഴെയിറക്കാനാണു ശ്രമം. പക്ഷേ ഇക്കാര്യത്തിൽ അയാൾ പരാജയപ്പെടുകയേ ഉള്ളൂ’– അണ്ണാഡിഎംകെയിലെ പ്രമുഖ നേതാവു കൂടിയായ ജയകുമാർ പറഞ്ഞു.

സംസ്ഥാന പര്യടനം നടത്തുകയാണു ദിനകരൻ ഇപ്പോൾ. സർക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കുകയാണു യാത്രയുടെ ലക്ഷ്യമെന്നാണ് ആരോപണം. വേണമെങ്കിൽ ഔദ്യോഗിക പക്ഷവുമായി സഖ്യമുണ്ടാക്കാമെന്നും ദിനകരൻ പറയുന്നു. താൻ ചൂണ്ടിക്കാണിക്കുന്ന മന്ത്രിമാരെ മാറ്റുക, തനിക്കൊപ്പമുള്ള 18 എംഎൽഎമാർക്ക് ഉന്നത സ്ഥാനം നൽകുക തുടങ്ങിയവയാണ് ദിനകരന്റെ ആവശ്യങ്ങൾ. ഇതിനെതിരെയാണു മന്ത്രി ജയകുമാർ പ്രതികരിച്ചത്.

18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയ സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയുടെ വിധി വരാനിരിക്കുകയാണ്. പളനിസാമി സർക്കാരിനെതിരെ വിശ്വാസം നഷ്ടപ്പെട്ടെന്നു കാണിച്ചു കഴിഞ്ഞവർഷം ഗവർണർക്ക് 18 എംഎൽഎമാർ കത്തു നൽകിയതാണ് അയോഗ്യതയിലേക്കു നയിച്ചത്. ഇതിനെതിരെ ഇവർ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. കേസിൽ വാദം പൂർത്തിയായി.