മീനുകൾ കൂട്ടത്തോടെ തീരത്തേയ്ക്ക് ഇരച്ചു കയറി; കൊല്ലത്ത് ‘ചാളച്ചാകര’ മേളം

കൊല്ലം തീരത്ത് ചാളച്ചാകരയെത്തിയപ്പോൾ. ചിത്രം: രാജൻ.എം.തോമസ്

കൊല്ലം ∙ ചാളത്തിര...പെട പെടയ്ക്കണ മീൻ... കൊല്ലം തീരത്ത് ചാകര വന്നേ.... നിനച്ചിരിക്കാത്ത നേരത്ത് തിരയോടൊപ്പം തീരത്തേക്കു വന്നുകയറിയത് ചാളക്കൂട്ടം. കൊല്ലം ബ്രേക്ക് വാട്ടറിനുള്ളിൽ പോർട്ട് കൊല്ലം, വാടി മത്സ്യലേല ഹാളുകൾക്കു മുന്നിലാണു കൂട്ടത്തോടെ മീൻ കയറിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു ചാകരയുടെ വരവ്. കടലിൽ കറുപ്പു കണ്ടതോടെ മീൻ കൂട്ടം വരുന്നതായി മത്സ്യത്തൊഴിലാളികൾക്കു മനസിലായി. പിന്നാലെ ചാളക്കൂട്ടം തിരയോടൊപ്പം കരയിലേക്ക് എത്തി.

ചാളച്ചാകരയെത്തിയപ്പോൾ ഒരുങ്ങുന്ന വള്ളങ്ങൾ. ചിത്രം: രാജൻ.എം.തോമസ്

വള്ളവും വലയുമായി കടലിലേക്ക് ഇറങ്ങിവർക്ക് 100 മീറ്റർ പോലും അകലേക്കു പോകേണ്ടി വന്നില്ല. വള്ളം നിറയെ മീൻ. പിന്നെ തീരത്ത് തകൃതിയായി കച്ചവടം. ചാകര വന്നതോടെ വിലയും കുത്തനെ ഇടിഞ്ഞു. 2500 രൂപവരെയെത്തിയ ഒരു കുട്ട ചാളയുടെ വില 700 രൂപയായി കുറഞ്ഞു.

ചാളച്ചാകരയെത്തുടർന്ന് വള്ളങ്ങളിലെ ആവേശം. ചിത്രം: രാജൻ.എം.തോമസ്

വർഷത്തിൽ ഒരു ദിവസം ചാള കൂട്ടത്തോടെ കരയിലേക്ക് എത്തുമെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. സാധാരണ ഗതിയിൽ പുറങ്കടലിൽ മാത്രം കാണുന്ന ചാളയാണ് ഇപ്പോൾ കൂട്ടത്തോടെ തീരത്തേക്കു കയറിയത്.