ബ്രിട്ടിഷ് പാർലമെന്റിലും സുരക്ഷയില്ല; 39 % സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമം

പ്രതീകാത്മക ചിത്രം.

ലണ്ടൻ∙ ബ്രിട്ടിഷ് പാർലമെന്റിൽ സ്ത്രീകൾ എത്രമാത്രം സുരക്ഷിതരാണ്? അത്ര സന്തോഷം പകരുന്നതല്ല ഉത്തരം. പാർലമെന്റ് ജീവനക്കാരിൽ അഞ്ചിൽ ഒരാളെന്ന കണക്കിൽ ലൈംഗിക പീഡനത്തിന് ഇരയാവുകയോ ‘മോശം അനുഭവം’ ഏറ്റുവാങ്ങേണ്ടി വരികയോ ചെയ്തിട്ടുണ്ടെന്നാണു റിപ്പോർട്ട്. ഇവരിൽ കൂടുതലും സ്ത്രീകളാണ്.

ഏതാനും മാസം മുൻപു ബ്രിട്ടനെ പിടിച്ചുകുലുക്കിയ ലൈംഗികപീഡന ആരോപണങ്ങളെത്തുടർന്നു രൂപീകരിച്ച കമ്മിഷന്റെ സർവേ റിപ്പോർട്ടിലാണു ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. ലൈംഗികാരോപണങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തിലും നടപടിയെടുക്കുന്നതിലും നിലവിലെ സംവിധാനങ്ങളിൽ സമൂലമായ മാറ്റം വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

ലൈംഗികവിവാദത്തിൽപ്പെട്ട് ഇക്കഴിഞ്ഞ നവംബറിൽ കൺസർവേറ്റിവ് എംപി ചാർലി എൽഫിക്കിനും ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി മൈക്കൽ ഫാലനും രാജിവച്ചിരുന്നു. തുടർന്നാണു പ്രധാനമന്ത്രി തെരേസ മേയുടെ നിർദേശ പ്രകാരം കമ്മിഷനെ നിയോഗിച്ചത്. മേലധികാരെ ചോദ്യം ചെയ്യാനോ അവർക്കെതിരെ പരാതി പറയാനോ നിലവിൽ പര്യാപ്തമായ സംവിധാനങ്ങളില്ല. ഇതിനു മാറ്റമുണ്ടാകണം. ജീവനക്കാരെ പീഡനങ്ങൾക്കു വിധേയരാക്കുന്ന മേലധികാരികൾക്കു നൽകേണ്ട ശിക്ഷയുടെ കാഠിന്യത്തെപ്പറ്റിയും റിപ്പോർട്ടിൽ പറയുന്നുണ്ട്.

സർവേയില്‍ പങ്കെടുത്ത 1377 പേരിൽ 39 ശതമാനവും ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിനോ അപമാനിക്കലിനോ കഴിഞ്ഞ വർഷം വിധേയരായിട്ടുണ്ടെന്നു സമ്മതിച്ചു. ലൈംഗികാതിക്രമത്തിനു സാക്ഷികളായത് 19 ശതമാനം. മോശം അനുഭവം പങ്കുവച്ചവരിൽ കൂടുതലും സ്ത്രീകളാണ്, അതും പുരുഷന്മാരേക്കാൾ രണ്ടിരട്ടിയിലേറെ.

ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ സ്ത്രീകളും പുരുഷന്മാരും പീഡന പരാതികളുമായി രംഗത്തെത്തിയതോടെയാണു പ്രശ്നം സർക്കാർ ഏറ്റെടുത്തത്. 2010ൽ വനിതാ സെക്രട്ടറിയോടു ലൈംഗിക വിനോദത്തിനുള്ള കളിപ്പാട്ടം വാങ്ങി നൽകാൻ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ മന്ത്രി മാർക്ക് ഗാർണിയർക്ക് ഉൾപ്പെടെ അന്വേഷണം നേരിടേണ്ടി വന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചു. പാർലമെന്റിൽ സെക്രട്ടറിമാരും സഹപ്രവർത്തകരുമായ സ്ത്രീകൾക്കുനേരെ ചില എംപിമാർ ലൈംഗികാതിക്രമങ്ങൾക്കു മുതിർന്നതിന്റെ കഥകളും പുറത്തുവന്നിരുന്നു.