Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജേക്കബ് തോമസിന്റെ വിശദീകരണം തള്ളി; അച്ചടക്ക നടപടിയുമായി സർക്കാർ മുന്നോട്ട്

jacob-thomas

കൊച്ചി∙ വിജിലൻസ് മുൻ ഡയറക്ടർ ഡിജിപി ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടിയുമായി സർക്കാർ മുന്നോട്ട്. ഓഖി ദുരന്തം കൈകാര്യം ചെയ്തതിൽ സർക്കാരിനെ വിമർശിച്ചതിനു ജേക്കബ് തോമസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു കാട്ടി സർക്കാർ തള്ളി. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു ചീഫ് സെക്രട്ടറി പോൾ ആന്റണി റിപ്പോർട്ട് നൽകി. സർക്കാരിനെ വിമർശിച്ചതിനു ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു.

സർക്കാർ നയങ്ങളെ പരസ്യമായി വിമർശിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയും ജേക്കബ് തോമസ് അഖിലേന്ത്യ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നു വ്യക്തമാക്കിയായിരുന്നു സസ്പെൻഷൻ. ഓഖി ദുരിതബാധിതരുടെ വികാരങ്ങൾ ആളിക്കത്തിക്കാൻ പ്രസ്താവന ഇടയാക്കി. തീരദേശത്തെ ജനങ്ങളിൽ സർക്കാരിനോട് അതൃപ്തി ഉളവാക്കുന്നതാണു പരാമർശം. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഓഫിസർ എന്ന നിലയിൽ ആ പദവിയുടെ യശസ്സിനു കളങ്കമുണ്ടാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ലോക അഴിമതിവിരുദ്ധ ദിനമായ ഡിസംബർ ഒൻപതിനു പ്രസ്ക്ലബില്‍ നടന്ന സംവാദത്തിലാണു ജേക്കബ് തോമസ്, താൻ കൂടി ഭാഗമായ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലും കടുത്ത വിമർശനങ്ങൾ നടത്തി. സംസ്ഥാനത്തു നിയമവാഴ്ചയും ക്രമസമാധാനവും തകർന്നു. അഴിമതിക്കെതിരെ നിലകൊള്ളാൻ ജനം ഭയക്കുന്നു. അഴിമതിക്കാർ ഇവിടെ ഐക്യത്തിലാണ്. അഴിമതിവിരുദ്ധരെ ഇല്ലാതാക്കുകയാണ്. 51 വെട്ട് വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കും. ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണം വേണ്ടിവരുന്നത്. പരസ്യം കാണുമ്പോൾ ഗുണനിലവാരമില്ലെന്ന് ഓർക്കണം. ഓഖി ദുരന്തബാധിതരെ സഹായിക്കുന്നതിൽ വീഴ്ചവരുത്തി. പണക്കാരുടെ മക്കളാണു കടലിൽ പോയതെങ്കിൽ ഇതാകുമായിരുന്നോ പ്രതികരണമെന്നും അദ്ദേഹം ചോദിച്ചിരുന്നു.