മൂക്കന്നൂർ കൂട്ടക്കൊല: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നത് മാറ്റി

മൂക്കന്നൂരിൽ കൊല നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം. പ്രതിയായ ബാബു പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്നതാണ് രണ്ടാമത്തെ ചിത്രം.

അങ്കമാലി ∙ സ്വത്തുതർക്കത്തെത്തുടർന്ന് അങ്കമാലി മൂക്കന്നൂരിൽ സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവരുന്നതു മാറ്റിവച്ചു. പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണിത്.

മൂക്കന്നൂർ എരപ്പ് സെന്റ് ജോർജ് കപ്പേളയ്ക്കു സമീപം അറയ്ക്കൽ പരേതനായ കൊച്ചപ്പന്റെ മകൻ ശിവൻ (62), ശിവന്റെ ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകളും എടലക്കാട് കുന്നപ്പിള്ളി സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ (10), അപർണ(10) എന്നിവർക്കും വെട്ടേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശിവന്റെ അനുജൻ ബാബുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ 5.45നായിരുന്നു സംഭവം. സ്മിതയുടെ മക്കളായ അതുൽ (12), ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ(10) എന്നിവരുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. വലതുകയ്യിൽ വെട്ടേറ്റ അശ്വിനെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിനുശേഷം കൊരട്ടി ചിറങ്ങരയിലെ ക്ഷേത്രക്കുളത്തിൽ സ്കൂട്ടറുമായി ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച ബാബുവിനെ നാട്ടുകാരും പൊലീസും ചേർന്നു പിടികൂടുകയായിരുന്നു.

പെട്ടിഓട്ടോ ഡ്രൈവറായ ബാബു മറ്റു രണ്ടുപേരെക്കൂടി കൊലപ്പെടുത്താൻ ശ്രമിച്ചതായി സൂചനയുണ്ട്. പരേതനായ ജ്യേഷ്ഠൻ ഷാജിയുടെ ഭാര്യ ഉഷയെ വെട്ടാനായി ബാബു പാഞ്ഞടുത്തെങ്കിലും അവർ ഓടിരക്ഷപ്പെട്ടു. മറ്റൊരു സഹോദരൻ ഷിബുവിന്റെ ഭാര്യയും മൂക്കന്നൂരിൽ അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയുമായ സേതുലക്ഷ്മിയെ കൊലപ്പെടുത്താനായി അങ്ങോട്ടു പോയെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു.

ഷിബുവിന്റെ വീടിന്റെ ജനലുകൾ വാക്കത്തികൊണ്ടു വെട്ടിപ്പൊളിച്ച പ്രതി ചോരയൊലിക്കുന്ന വസ്ത്രങ്ങളുമായി സ്കൂട്ടറിൽ കയറി മൂക്കന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്നു.