Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം പിറന്നു; പോർട്ട് എലിസബത്തിൽ ഇന്ത്യയ്ക്ക് 73 റൺസ് ജയം, പരമ്പര

India-Celebrates വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ.

പോർട്ട് എലിസബത്ത്∙ ഒരു മൽസരം മാത്രം നീണ്ട കാത്തിരിപ്പിനൊടുവിൽ പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ കോഹ്‍ലിയും സംഘവും ചരിത്രമെഴുതി. അഞ്ചാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യ, ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കി. 73 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി 42.2 ഓവറിൽ 201 റൺസിൽ അവസാനിച്ചു. ഇതോടെ ആറു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയ്ക്ക് 4–1ന്റെ ലീഡായി. പരമ്പര ജയത്തോടെ ഏകദിനത്തിലെ ഒന്നാം റാങ്കും ഇന്ത്യയ്ക്കു സ്വന്തം.

കൈക്കുഴ സ്പിന്നിന്റെ മാന്ത്രികത വീണ്ടെടുത്ത കുൽദീപ് യാദവ്–യുസ്‌വേന്ദ്ര ചാഹൽ സഖ്യം വീണ്ടും ഇന്ത്യയുടെ വിജയശിൽപികളാകുന്നതിനും മൽസരം സാക്ഷ്യം വഹിച്ചു. ജെ.പി. ഡുമിനി, എബി ഡിവില്ലിയേഴ്സ് എന്നിവരെ പുറത്താക്കി ഹാർദിക് പാണ്ഡ്യ ഉഴുതുമറിച്ച മണ്ണിലായിരുന്നു കുൽദീപ്–ചാഹൽ സഖ്യത്തിന്റെ വിളവെടുപ്പ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ആദ്യമായി സെഞ്ചുറി കുറിച്ച രോഹിത് ശർമയുടെ പ്രകടനവും നിർണായകമായി. കുൽദീപ് യാദവ് 10 ഓവറിൽ 57 റൺസ് വഴങ്ങി നാലും ചാഹൽ 9.2 ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. പാണ്ഡ്യ ഒൻപത് ഓവറിൽ 30 റൺസിന് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ബുംമ്ര ഒരു വിക്കറ്റ് നേടി.

ഇന്ത്യൻ ഫീൽഡർമാർ രണ്ടുതവണ ജീവൻ നൽകിയ ഹാഷിം അംലയാണ് ആതിഥേയരുടെ ടോപ് സ്കോറർ. 92 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 71 റൺസെടുത്ത അംലയെ തകർപ്പൻ ത്രോയിലൂടെ പുറത്താക്കിയ ഹാർദിക്, ഫീൽഡിങ്ങിലും താരസാന്നിധ്യമായി. ഇന്ത്യൻ കൈക്കുഴ സ്പിന്നർമാരെ മെരുക്കാൻ ദക്ഷിണാഫ്രിക്ക അവതരിപ്പിച്ച ഹെൻറിക് ക്ലാസൻ അവസാനം വരെ ചെറുത്തുനിന്നെങ്കിലും കുൽദീപിന്റെ പന്തിൽ ധോണിയുടെ തകർപ്പൻ സ്റ്റംപിങ്ങിൽ പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടവും തീർന്നു. ക്ലാസൻ 42 പന്തിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും ഉൾപ്പെടെ 39 റൺസെടുത്തു.

ക്യാപ്റ്റൻ എയ്‍ഡൻ മർക്രം (40 പന്തിൽ 32), ഡേവിഡ് മില്ലർ (56 പന്തിൽ 36) എന്നിവരും ചെറുത്തുനിന്നെങ്കിലും തോൽവി ഒഴിവാക്കാനായില്ല. ജെ.പി. ഡുമിനി (ഏഴു പന്തിൽ ഒന്ന്), എബി ഡിവില്ലിയേഴ്സ് (എട്ടു പന്തിൽ ആറ്), കഴിഞ്ഞ കളിയിലെ ഹീറോ ആൻഡിൽ ഫെലൂക്‌വായോ (നാലു പന്തിൽ പൂജ്യം), കഗീസോ റബാഡ (26 പന്തിൽ മൂന്ന്), മോണി മോർക്കൽ (എട്ടു പന്തിൽ ഒന്ന്), ടെബ്രായിസ് ഷംസി (രണ്ടു പന്തിൽ പൂജ്യം) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ലുങ്കി എൻഗിഡി നാലു റൺസുമായി പുറത്താകാതെ നിന്നു.

ടോപ് ഗിയറിൽ രോഹിത്

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. പരമ്പരയിലാദ്യമായി ഫോമിലേക്കുയർന്ന ഓപ്പണർ രോഹിത് ശർമയുടെ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിലെ ഹൈലൈറ്റ്. 17–ാം ഏകദിന സെഞ്ചുറി നേടിയ രോഹിത്, 126 പന്തിൽ 11 ബൗണ്ടറിയും നാലു സിക്സും സഹിതം 115 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ലുങ്കി എൻഗിഡി ഒൻപത് ഓവറിൽ 51 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

31.4 ഓവറിൽ രണ്ടിന് 176 റൺസെന്ന നിലയിൽ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്ക് കോഹ്‍ലിയും രഹാനെയും അനാവശ്യ റണ്ണൗട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് വിനയായത്. മുൻനിര നൽകുന്ന മികച്ച തുടക്കം മുതലാക്കാനാകാതെ മധ്യനിര തകരുന്ന പതിവ് ഇക്കുറിയും ഇന്ത്യൻ ഇന്നിങ്സിൽ ആവർത്തിച്ചു.

54 പന്തിൽ രണ്ടു ബൗണ്ടറികളോടെ 36 റൺസെടുത്ത കോഹ്‍ലി, 23 പന്തിൽ എട്ടു ബൗണ്ടറികളോടെ 34 റൺസെടുത്ത ഓപ്പണർ ശിഖർ ധവാൻ എന്നിവർക്കു ശേഷം ഇന്ത്യൻ ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോർ നേടാനായത് ശ്രേയസ് അയ്യർക്കു മാത്രം. അയ്യർ 37 പന്തിൽ രണ്ടു ബൗണ്ടറികളോടെ 30 റൺസെടുത്തു. 17 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 13 റൺസെടുത്ത ധോണി ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയപ്പോൾ നേരിട്ട ആദ്യ പന്തിൽത്തന്നെ വിക്കറ്റ് കീപ്പർ ക്ലാസനു ക്യാച്ച് സമ്മാനിച്ച് മടങ്ങിയ ഹാർദിക് പാണ്ഡ്യ ഒരിക്കൽക്കൂടി തികഞ്ഞ പരാജയമായി.

നിലയുറപ്പിക്കാൻ ശ്രമിച്ചുവന്ന അജിങ്ക്യ രഹാനെ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് കളഞ്ഞതോടെ ഇന്ത്യൻ ഇന്നിങ്സ് തകർന്നത്. 18 പന്തിൽ എട്ടു റൺസെടുത്ത രഹാനെയെ മോർക്കലിന്റെ ഫീൽഡിങ്ങിൽ ക്ലാസനാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഭുവനേശ്വർ കുമാർ 20 പന്തിൽ രണ്ടു ബൗണ്ടറികളോടെ 19 റൺസെടുത്ത് പുറത്താകാതെ നിന്നു. കുൽദീപ് യാദവ് നാലു പന്തിൽ രണ്ടു റൺസോടെ കൂട്ടുനിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയിലാദ്യമായി ധവാനും രോഹിതും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 7.2 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 48 റൺസ്. പതിവിനു വിപരീതമായി ധവാൻ ആദ്യം മടങ്ങിയപ്പോൾ കോഹ‍്്‌ലിക്കൊപ്പം രോഹിത് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 23 പന്തിൽ എട്ടു ബൗണ്ടറികളോടെ 34 റൺസെടുത്ത ധവാനെ റബാഡ ഫെലൂക്‌വായോയുടെ കൈകളിലെത്തിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റിൽ പതിവുപോലെ ഇന്ത്യ ഉറച്ചുനിന്നു പൊരുതിയതോടെ ദക്ഷിണാഫ്രിക്ക ഹതാശരായി. പരമ്പരയിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന രോഹിതും കോഹ്‍ലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യ മികച്ച സ്കോറിലേക്ക് മുന്നേറവെ അനാവശ്യ റണ്ണിനോട് കോഹ്‍‌ലി വിക്കറ്റ് വലിച്ചെറിഞ്ഞു. 54 പന്തിൽ രണ്ടു ബൗണ്ടറികളോടെ 36 റൺസെടുത്ത കോഹ്‍ലിയുടെ ഡുമിനി നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി.

തൊട്ടുപിന്നാലെ രഹാനെയും സമാന രീതിയിൽ പുറത്തായത് ഇന്ത്യൻ ക്യാംപിൽ നിരാശ പടർത്തി. 18 പന്തിൽ എട്ടു റൺസെടുത്ത രഹാനെയെ മോർക്കലിന്റെ ഫീൽഡിങ്ങിൽ ക്ലാസൻ റണ്ണൗട്ടാക്കി.

related stories