രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് പാരയായി; അടച്ചിട്ട ലണ്ടൻ വിമാനത്താവളം ഇന്നു തുറക്കും

ലണ്ടൻ സിറ്റി വിമാനത്താവളം അടച്ചതിനെത്തുടർന്നു വിമാനങ്ങള്‍ റൺവേയില്‍ പിടിച്ചിട്ടപ്പോൾ.

ലണ്ടൻ ∙ അറ്റകുറ്റ പണിക്കിടെ റൺവേയ്ക്കു സമീപം കണ്ടെത്തിയ രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് നിർവീര്യമാക്കുന്നതിനായി അടച്ചിട്ട ലണ്ടൻ സിറ്റി വിമാനത്താവളം ചൊവ്വാഴ്ച രാവിലെ തുറക്കും. കിഴക്കൻ ലണ്ടനിലെ വിമാനത്താവളത്തിന്റെ വികസനപ്രവർത്തനങ്ങൾക്കിടെയാണു തെംസിൽ 500 കിലോ ഭാരമുള്ള പൊട്ടാത്ത ബോംബ് ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് 200 മീറ്റർ പരിധിയിൽ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. വിമാനത്താവളം ചൊവ്വാഴ്ച രാവിലെയോടെ തുറക്കുമെന്നാണ് റിപ്പോർട്ട്. താറുമാറായിക്കിടക്കുന്ന പ്രവർത്തനങ്ങൾ ഉച്ചയോടെ സാധാരണ ഗതിയിലാകുമെന്നാണ് പ്രതീക്ഷ.

ലണ്ടൻ സമയം ഞായറാഴ്ച പുലർച്ചെ ബോംബ് കണ്ടെത്തിയ ഉടൻ വിമാനത്താവളം അടയ്ക്കുകയായിരുന്നു. ഒന്നര മീറ്ററോളം നീളമുള്ള ബോംബ് തെംസ് നദീതീരത്തെ സെന്റ് ജോർജ് ഡോക്കിൽ മണ്ണിനടിയിൽ 15 മീറ്ററോളം ആഴത്തിലാണ് കണ്ടെത്തിയത്. തുടർന്ന് വിമാനത്താവള പരിസരത്തെ നൂറുകണക്കിനു കുടുംബങ്ങളെയും ഇവിടെനിന്നും താൽകാലികമായി ഒഴിപ്പിച്ചു. ചില ട്യൂബ് സർവീസുകളും റദ്ദാക്കി. 16,000 പേർക്കാണ് ഇന്നലെ സിറ്റി എയർപോർട്ടിൽ ഇതുമൂലം യാത്ര മുടങ്ങിയത്. ഇവിടെ ഇറങ്ങേണ്ടിയിരുന്ന 261 വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.

മുൻകൂട്ടി നിശ്ചയിച്ച നിർമാണ ജോലികൾക്കിടെയായിരുന്നു ബോംബ് ജോലിക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും നാവികസേനാ ഉദ്യോഗസ്ഥരും ബോംബ് ശക്തിയേറിയതാകാമെന്ന് വിലയിരുത്തിയതോടെയാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിമാനത്താവളം അടച്ചത്.

പ്രതിവർഷം ചെറുതും വലുതുമായ ഏകദേശം അമ്പതിലേറെ ജർമൻ ബോംബുകൾ ബ്രിട്ടീഷ് സൈന്യം ലണ്ടനിലെ വിവിധ സ്ഥലങ്ങലിൽനിന്നും കണ്ടെത്തി നിർവീര്യമാക്കുന്നുണ്ടെന്നാണ് സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. ഇതിലേറെയും കണ്ടെത്തുന്നത് നഗരത്തിനു മധ്യേ ഒഴുകുന്ന തേംസ് നദിയിൽനിന്നാണ്. ഏറെയും സ്ഫോടകശേഷി നഷ്ടപ്പെട്ടവയാണെങ്കിലും എല്ലാ ബോംബുകളെയും പ്രഹരശേഷിയുള്ളതായി കണക്കാക്കിയാണ് സൈന്യം നേരിടുന്നത്. ഈ സുരക്ഷാ മുൻകരുതലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുത്തിയതും സമീപവാസികൾക്ക് ഏറെ ബുദ്ധിമുട്ട് വരുത്തിവച്ചതും.