വിമാനം വാങ്ങി സിംഗപ്പൂർ കമ്പനിയെ കബളിപ്പിച്ചു; മല്യയ്ക്ക് 90 മില്യൻ ഡോളർ പിഴ

ലണ്ടൻ∙ സിംഗപ്പൂർ കമ്പനിയുമായുള്ള കേസിൽ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ബ്രിട്ടിഷ് കോടതിയുടെ പ്രഹരം. കേസിൽ 90 മില്യൻ ഡോളർ പിഴയൊടുക്കാൻ ബ്രിട്ടനിലെ ഹൈക്കോടതി ഉത്തരവിട്ടു. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർക്രാഫ്റ്റ് ലീസിങ് കമ്പനിയായ ബിഒസി ഏവിയേഷനുമായുള്ള കിങ്ഫിഷറിന്റെ കേസിലാണ് വിധിയുണ്ടായിരുക്കുന്നത്. 

9,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്ക് മുങ്ങിയ മല്യയെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ മാർച്ച് 16ന് വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേട്ട് കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണ് മറ്റൊരു തട്ടിപ്പുകേസിൽ മല്യയ്ക്ക് ഇപ്പോൾ കോടതി പിഴശിക്ഷ നൽകിയിരിക്കുന്നത്. 

സിംഗപ്പൂർ കമ്പനിയിൽനിന്നും നാലു വിമാനങ്ങൾ വാങ്ങാനായിരുന്നു കിങ്ഫിഷറിന്റെ കരാർ. ഇതിൽ മൂന്നു വിമാനങ്ങൾ നൽകിയിട്ടും വിമാനത്തിന്റെ പണം നൽകാതായതോടെ കമ്പനി നാലാമത്തെ വിമാനം നൽകാതെ കരാറിൽനിന്നും പിൻവാങ്ങുകയും മല്യയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുകയുമായിരുന്നു.