ഗോരഖ്പുർ ഉപതിരഞ്ഞെടുപ്പ്: കുട്ടികളുടെ കൂട്ടമരണം തിരിച്ചടിക്കുമെന്ന് ആശങ്ക

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഗോരഖ്പുർ∙ പൊതു തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കേ ഉത്തർപ്രദേശിൽ രണ്ടു ലോക്സഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പിനൊരുങ്ങി പാർട്ടികൾ. ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുൽ മണ്ഡലങ്ങളിൽ മാർച്ച് 11നാണു തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്നു ഗോരഖ്പുർ. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഫുൽപുരിൽ നിന്നാണു ലോകസ്ഭയിലേക്കു ജയിച്ചത്. ഇരുവരും എംപി സ്ഥാനം രാജിവച്ചു സംസ്ഥാന സർക്കാരിന്റെ ഭാഗമായതോടെയാണ് ഉപതിരഞ്ഞെടുപ്പിനു സാഹചര്യമുണ്ടായത്.

രണ്ടിടത്തെയും വിജയം ആവർത്തിക്കുകയെന്ന വെല്ലുവിളിയാണു ബിജെപിക്കുള്ളത്. കോൺഗ്രസ്, എസ്പി തുടങ്ങിയവരും കളത്തിലുള്ളതിനാൽ ശക്തമായ മത്സരമാണ്. ഓക്സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവിനാൽ എഴുപതിലധികം കുട്ടികൾ മരണപ്പെട്ട ബാബാ രാഘവ്ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ഉൾപ്പെടുന്ന മണ്ഡലമാണ് ഗോരഖ്പുർ. യോഗി ആദിത്യനാഥിന്റെ ഈ ‘സ്വന്തം മണ്ഡല’ത്തിലാണു ഗോരഖ്നാഥ് ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. കുട്ടികളുടെ കൂട്ടമരണം ദേശീയ തലത്തിൽതന്നെ വലിയ ചർച്ചയായതിനാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെയെന്ന് ആശങ്കയുണ്ട്.

2017ലെ തിരഞ്ഞെടുപ്പിൽ ബിജെപി നയിച്ച എൻഡിഎ സഖ്യം, 403 അംഗ നിയമസഭയിൽ 325 സീറ്റിന്റെ കൂറ്റൻ വിജയമാണു സ്വന്തമാക്കിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 80ൽ 71 സീറ്റും ബിജെപി തൂത്തുവാരിയിരുന്നു.

വോട്ടുകൾ ഭിന്നിക്കുമെന്നു പ്രതിപക്ഷം

രണ്ടു മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ ഭിന്നിക്കുമെന്ന പ്രതീക്ഷയിലാണു പ്രതിപക്ഷ പാർട്ടികൾ. ഇരുമണ്ഡലങ്ങളിലും ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുമെന്നും ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും സമാജ്‍‌വാദി പാർട്ടി (എസ്പി) വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. കോൺഗ്രസും ഒരുക്കങ്ങൾ തുടങ്ങിയതായി പാർട്ടിയുടെ ഗോരഖ്പുർ, അലഹാബാദ് ജില്ലാ നേതാക്കളായ സയിദ് ജമാൽ അഹമ്മദ്, അനിൽ ദ്വിവേദി എന്നിവർ പറഞ്ഞു. പാർട്ടി നേതൃത്വത്തിനു സ്ഥാനാർഥികളുടെ പട്ടിക കൈമാറിയെന്നും ഇവർ വ്യക്തമാക്കി.

കുറച്ചുകാലമായി ഗോരഖ്പുരിൽ രണ്ടാം സ്ഥാനത്താണ് എസ്പിക്കു സ്ഥാനം. എന്നാൽ, 1996 മുതൽ ഫുൽപുരിൽ നാലു തവണ വിജയിച്ചിട്ടുണ്ടെന്ന ചരിത്രം എസ്പിക്കു ആത്മവിശ്വാസമേകുന്നു. പിന്നാക്ക ജാതിക്കാർക്കു ഭൂരിപക്ഷമുള്ള മണ്ഡലമാണു ഫുൽപുർ. ഇവിടെ, ആർഎസ്എസുമായി അടുപ്പമുള്ള പ്രമുഖ ഡോക്ടർ യു.വി.യാദവാണു ബിജെപിയുടെ സാധ്യതാപട്ടികയിൽ മുന്നിൽ. തന്റെ ഭാര്യയെയോ മകനെയോ സ്ഥാനാർഥിയാക്കാനാണു കേശവ് പ്രസാദ് മൗര്യയ്ക്കു താൽപര്യമെന്നു സംസാരമുണ്ട്. 

മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പ്രതിനിധീകരിച്ചിരുന്ന ഫുൽപുരിൽ വിജയിക്കുകയെന്നതു കോൺ‌ഗ്രസിന്റെ അഭിമാനപ്രശ്നമാണ്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മകൻ അനിൽ ശാസ്ത്രിയെ രംഗത്തിറക്കാനാണു കോൺഗ്രസ് ആലോചിക്കുന്നത്.

‘മഹന്ത്’ ഇല്ലാതെ ഗോരഖ്പുർ

1967 മുതൽ ഗോരഖ്പുർ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്, പ്രശസ്തമായ ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യപൂജാരികളാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടത്തെ മുഖ്യ മഠാധിപതിയാണ് (മഹന്ത്). യോഗി മാറിയതോടെ, മഹന്ത് മത്സരിക്കാനില്ലാത്ത തിരഞ്ഞെടുപ്പാണു ഏറെക്കാലത്തിനു ശേഷം വരാനിരിക്കുന്നത്. 1998 മുതൽ 2017 വരെയാണു യോഗി മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിച്ചത്.

ക്ഷേത്രവുമായി അടുപ്പമുള്ളയാളെ സ്ഥാനാർഥിയാക്കി വോട്ടുകൾ സമാഹരിക്കാനാണു ബിജെപിയുടെ ശ്രമം. യോഗിയുടെ വിശ്വസ്തനെ മണ്ഡലം ഏൽപ്പിക്കാനാണു നോക്കുന്നത്. മുഖ്യമന്ത്രി യോഗിയുടെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നു ബിജെപി വക്താവ് സത്യേന്ദ്ര സിൻഹ പറഞ്ഞു. സ്ഥാനാർഥി ആരായാലും ഗോരഖ്പുർ ക്ഷേത്രത്തിന്റെ അനുഗ്രഹാശിസ്സുണ്ടെങ്കിലേ വിജയിക്കുകയുള്ളൂ എന്നു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.