ഷുഹൈബ് കൊലക്കേസിൽ അറസ്റ്റ് വൈകുന്നു; പ്രക്ഷോഭപരിപാടികൾ ശക്തമാക്കാൻ കോൺഗ്രസ്

കണ്ണൂർ∙ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭപരിപാടികളുമായി കോൺഗ്രസ്. കൊലയാളികളെയും ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്നാവശ്യപ്പെട്ടു കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം കെ.സുധാകരൻ 19–ന് പത്തു മുതൽ കലക്ടറേറ്റിനു മുന്നിൽ നിരാഹാരസമരം നടത്തും. 48 മണിക്കൂർ നിരാഹാര സമരം കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്യും. 

എടയന്നൂരിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 20–ന് ഷുഹൈബ് അനുസ്മരണസമ്മേളനം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം ഹസ്സൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. 19,20,21 തീയതികളിൽ മണ്ഡലം തലങ്ങളിൽ ഷുഹൈബ്  അനുസ്മരണയോഗങ്ങൾ സംഘടിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു. ഷുഹൈബ് വധത്തെ തുടർന്നുള്ള രാഷ്ട്രീയസ്ഥിതി വിലയിരുത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം 20നു രണ്ടിന് ശിക്ഷക്സദനിൽ ചേരും. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ മുതലുള്ള ഭാരവാഹികൾ പങ്കെടുക്കും. നേതൃയോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. 

ഇതിനിടെ, ഷുഹൈബിന്റെ കുടുംബസഹായ കമ്മിറ്റി രൂപീകരിച്ചതായും കോൺഗ്രസ് അറിയിച്ചു. 22–നു കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ 110 കേന്ദ്രങ്ങളിൽ ശുഹൈബ് കുടുംബ സഹായ ഫണ്ട് സ്വരൂപിക്കും. 23–നു പ്രാദേശികതലങ്ങളിൽ സഹായനിധി സ്വരൂപിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.