Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിനായുള്ള ഹർജി പിൻവലിച്ചു

Shuhaib ഷുഹൈബ്

ന്യൂഡൽഹി ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് എസ്.പി.ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച കേസിൽ സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ഏർപ്പെടുത്തിയതിനെതിരെ മാതാപിതാക്കൾ നൽകിയ ഹർജി പിൻവലിച്ചു. ഹൈക്കോടതിയിലെ അപ്പീൽ‍ പരമാവധി ആറു മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നു ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അഭ്യർഥിച്ചു.

ഹൈക്കോടതി ഉത്തരവ് ഹർജിക്കാർക്ക് എതിരാണെങ്കിൽ അതിനെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാം. അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചതു നിയമപരമായി ശരിയോയെന്നതും അപ്പോൾ ഉന്നയിക്കാമെന്നു വ്യക്തമാക്കിയാണ് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽ‍കിയത്.

മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ മേഖലയിൽ ബാധകമായിരുന്ന നിയമമനുസരിച്ച് ക്രിമിനൽ‍ കേസുകളിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ അനുവദനീയമല്ല, സുപ്രീം കോടതിയാണ് അപ്പീൽ പരിഗണിക്കേണ്ടതെന്നായിരുന്നു ഹർജിക്കാരുടെ നിലപാട്. സുപ്രീം കോടതിയിൽ അപ്പീൽ നിലവിലുള്ളതിനാൽ ഹൈക്കോടതിയിലെ അപ്പീലിൽ നടപടി തുടരാനാവാത്ത സ്ഥിതിയായിരുന്നു. സുപ്രീം കോടതിയിലെ ഹർജി തൽക്കാലം മാറ്റിവയ്ക്കാമെന്നും ൈഹക്കോടതി ആദ്യം തീരുമാനമെടുക്കട്ടെയെന്നും ഹർജിക്കാർക്കുവേണ്ടി കപിൽ സിബൽ വാദിച്ചു.

എന്നാൽ‍, സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചാൽ മാത്രമേ ഹൈക്കോടതിയിലെ ഹർജിയിൽ തുടർ നടപടികൾ സാധിക്കുകയുള്ളുവെന്ന് സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശ് വാദിച്ചു. അപ്പീൽ പരിഗണിക്കുന്നതിൽ പിഴവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയ സ്ഥിതിക്ക്, കേസിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട വാദങ്ങൾ മാത്രമേ ഹർജിക്കാർക്ക് ഉന്നയിക്കാൻ സാധിക്കൂ. ഹർജിക്കാർക്കുവേണ്ടി എം.ആർ.രമേശ് ബാബു, ചാണ്ടി ഉമ്മൻ എന്നിവരും ഹാജരായി.