നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന് ഒരു ഗോൾ ജയം; പ്ലേ ഓഫ് സാധ്യത നിലനിർത്തി

ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോൾ നേടിയ വെസ് ബ്രൗണിന്റെ ആഹ്ലാദം. ചിത്രം: ഐഎസ്എൽ

ഗുവാഹത്തി ∙ നോർത്ത് യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി കേരളാ ബ്ലാസ്റ്റേല്സ് ഐഎസ്എൽ നാലാം സീസണിൽ പ്ലേ ഓഫ് സാധ്യത നിലനിർത്തി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മൽസരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഐഎസ്എല്ലിലെ കന്നി ഗോൾ നേടിയ സെന്റർബാക്ക് വെസ് ബ്രൗണാണ് ബ്ലാസ്റ്റേഴ്സിന് നിർണായക മൽസരത്തിൽ വിജയം സമ്മാനിച്ചത്.

മൽസരത്തിന്റെ ആദ്യ പകുതിയിലായിരുന്നു ബ്രൗണിന്റെ വിജയഗോൾ. അപ്പോൾ മൽസരത്തിനു പ്രായം 28 മിനിറ്റു മാത്രം. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോർണറിൽ നിന്നായിരുന്നു ഗോൾനീക്കത്തിന്റെ തുടക്കം. ജാക്കിചന്ദ് സിങ് ഉയർത്തിവിട്ട പന്തിൽ തലവച്ച ബ്രൗൺ നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ ടി.പി. രഹനേഷിനെ കീഴടക്കുകയായിരുന്നു. മികച്ച കളി കെട്ടഴിച്ച നോർത്ത് ഈസ്റ്റ് പലപ്പോഴും ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ പോൾ റെച്ചൂബ്കയുടെ മികവ് ബ്ലാസ്റ്റേഴ്സിന് രക്ഷയായി. ഇടയ്ക്ക് നോർത്ത് ഈസ്റ്റ് താരത്തിന്റെ ഷോട്ട് ക്രോസ്ബാറിൽത്തട്ടി തെറിക്കുകയും ചെയ്തു.

16 മൽസരങ്ങളിൽനിന്ന് 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഇപ്പോഴും അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാം വിജയമാണിത്. 14 മൽസരങ്ങളിൽനിന്ന് 25 പോയിന്റുള്ള ജംഷഡ്പുർ എഫ്സി ബ്ലാസ്റ്റേഴ്സിനു തൊട്ടുമുന്നിലുണ്ട്. ഇനിയുള്ള മൽസരങ്ങളിൽ ജംഷഡ്പുരിന്റെ പ്രകടനവും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ നിർണായകമാകും. അതേസമയം, 16–ാം മൽസരത്തിൽ സീസണിലെ 11–ാം തോൽവി വഴങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒൻപതാം സ്ഥാനത്തു തുടരുന്നു.

പുൾഗ, ഇസൂമി, റിനോ ആദ്യ ഇലവനിൽ

പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം മാത്രം ലക്ഷ്യമിട്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ വിക്ടർ പുൾഗ, അരാത്ത ഇസൂമി, റിനോ ആന്റോ എന്നിവർ ഇടംപിടിച്ചു. മുന്‍ സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് കളിച്ചിട്ടുള്ള പുൾഗ ആദ്യമായാണ് ഈ സീസണിൽ കളിച്ചത്. പരുക്കുമൂലം ദീർഘകാലത്തെ വിശ്രമത്തിനു ശേഷമായിരുന്നു ഇസൂമിയുടെ മടങ്ങിവരവ്.

അതേസമയം, കഴിഞ്ഞ മൽസരത്തിൽ ഗോൾ നേടിയ സൂപ്പർതാരം ദിമിറ്റർ ബെർബറ്റോവ് ഇക്കുറി പകരക്കാരുടെ ബെഞ്ചിലായിരുന്നു. രണ്ടാം പകുതിയിൽ ഇസൂമിക്കു പകരമാണ് ബെർബറ്റോവ് കളിച്ചത്. ചെറിയ ഇടവേളയ്ക്കുശേഷം മലയാളി താരം റിനോ ആന്റോ ആദ്യ ഇലവനിൽ മടങ്ങിയെത്തിയപ്പോൾ, സസ്പെൻഷൻ മൂലം കഴിഞ്ഞ മൽസരത്തിൽ പുറത്തിരുന്ന ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും തിരിച്ചെത്തി. മലയാളി താരങ്ങളായ കെ.പ്രശാന്ത്, സി.കെ. വിനീത് എന്നിവരും ആദ്യ ഇലവനിൽ കളിച്ചു. നാലാം മഞ്ഞക്കാർഡ് കണ്ട ലാൽറുവാത്താര പുറത്തിരുന്നു.

പോൾ റെച്ചൂബ്ക ഗോൾവല കാത്തപ്പോൾ, പ്രതിരോധത്തിൽ റിനോ, ജിങ്കാൻ എന്നിവർക്കൊപ്പം വെസ് ബ്രൗണും പ്രശാന്തുമെത്തി. ഐസ്‍‌ലൻഡ് താരം ബാൾഡ്‌വിൽസൻ, ജാക്കിചന്ദ് സിങ്, കറേജ് പെക്കൂസൻ എന്നിവരും ആദ്യ ഇലവനിൽ ഇടം നേടി.

രക്ഷയായി ബ്രൗണിന്റെ ഗോൾ

ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു പോരാടിയ മൽസരത്തിന്റെ 17–ാം മിനിറ്റിൽ കേരളം ഗോളിന് തൊട്ടടുത്ത് എത്തിയതാണ്. എന്നാൽ പന്ത് വലയിൽ കയറിയില്ല. ഈ അവസരവും വന്നത് ജാക്കിചന്ദ് സിങ്ങിന്റെ കോർണറിൽ നിന്നുതന്നെ. അപകടം ഒഴിവാക്കാനുള്ള ശ്രമത്തിൽ നോർത്ത് ഈസ്റ്റ് പ്രതിരോധ താരം നിർമ്മൽ ഛേത്രി പന്ത് സ്വന്തം വലയിലേക്കാണ് അടിച്ചത്. എന്നാൽ കരുതലോടെ നിന്ന നോർത്ത് ഈസ്റ്റ് ഗോളി രഹനേഷ് പന്ത് തടുത്തിട്ടു. കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ക്രോസ് ബാറിൽ തട്ടി വീണ്ടും താഴെ വീണു. ഓടിയെത്തിയ സി.കെ. വിനീത് പന്തിന് ഗോളിലേക്കു വഴികാട്ടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഛേത്രി അപകടമൊഴിവാക്കി.

40–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റും സമനില ഗോളിന്റെ വക്കത്തെത്തിയതാണ്. അതും ഒരു കോർണറിൽ നിന്നായിരുന്നു. ഉയർന്നു വന്ന പന്ത് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ജാക്കിചന്ദ് സിങ്. എന്നാൽ പന്ത് കിട്ടിയ ലാൽറിൻഡികെ റാൽട്ടെയുടെ കനത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്.

ആദ്യപകുതിയെ അപേക്ഷിച്ച് നോർത്ത് ഈസ്റ്റിന്റെ മെച്ചപ്പെട്ട പ്രകടനത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. ഒരു ഗോളിനു മുന്നിട്ടുനിന്ന കേരളം ഒന്നു തണുത്തപ്പോൾ നോർത്ത് ഈസ്റ്റ് ഉണർന്നു. പക്ഷേ, കിട്ടിയ അവസരങ്ങളൊന്നും മുതലാക്കാൻ അവർക്കു കഴിഞ്ഞില്ല. 53–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവിൽ നിന്നും അവർ ഗോളിനടുത്തെത്തി. മൊസ്‌കുരയുടെ ഹെഡർ നേരെ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പർ റെച്ചൂബ്കയുടെ കയ്യിലേക്കായി പോയി.

അഞ്ചു മിനിറ്റിനുശേഷം ബ്ലാസ്റ്റേഴ്സ് ബോക്‌സിലേക്ക് കയറിയ മൊസ്‌കുരയെ സന്ദേശ് ജിങ്കാൻ കൈകൊണ്ട് തടഞ്ഞതിന്റെ പേരിൽ നോർത്ത് ഈസ്റ്റ് പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി കനിഞ്ഞില്ല. രണ്ടാം പകുതിയിൽ അരാത്ത ഇസൂമിക്കു പകരം മിലൻ സിങ്ങും പുൾഗയ്ക്കു പകരം ബെർബറ്റോവും വന്നിട്ടും കേരളത്തിന്റെ കളിയിൽ കാര്യമായ മാറ്റമൊന്നും വന്നില്ല. ഇടയ്ക്ക് റാൽട്ടെയുടെ കനത്ത ഷോട്ട് ക്രോസ്ബാറിൽ തട്ടി തിരിച്ചു വരുന്നതും കണ്ടു. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിനും കിട്ടി അവസരം. ബെർബറ്റോവ് നൽകിയ പന്തിൽ ബാൾഡ്‍‌വിൽസൻ തൊടുത്ത ഷോട്ട് നേരെ രഹനേഷിന്റെ കൈകളിൽ അവസാനിച്ചു.