സുൻജ്വാന്‍ ആക്രമണം: ഇന്ത്യയെ തല മുതൽ വാലുവരെ വിറപ്പിച്ചെന്ന് മസൂദ് അസ്ഹർ

ജയ്ഷെ മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസ്ഹർ.

ന്യൂഡൽഹി∙ സുൻജ്വാൻ സൈനിക ക്യാംപ് ആക്രമിച്ചതിലൂടെ ഭീകരർ മൂന്നു ദിവസം ഇന്ത്യയെ വിറപ്പിച്ചെന്നു ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ. ആയിരക്കണക്കിനു സൈനികരും ഹെലികോപ്റ്ററുകളും ടാങ്കുകളും ഇന്ത്യൻ സൈന്യത്തിനുണ്ട്. ഫെബ്രുവരി പത്തിനു നടന്ന ആക്രമണത്തിൽ തല മുതൽ വാലു വരെ ഇന്ത്യ വിറച്ചുപോയി– സംഘടനയുടെ ഓൺലൈൻ പ്രസിദ്ധീകരണത്തിൽ മസൂദ് അവകാശപ്പെട്ടു.

ജയ്ഷെ മുഹമ്മദ് സംഘടനയിലെ ‘അഫ്സൽ ഗുരു സ്ക്വാഡാ’ണ് സുൻജ്വാൻ അക്രമത്തിന് പിന്നിലെന്ന് മറ്റൊരു ലേഖനത്തിൽ മസൂദ് അവകാശപ്പെട്ടിരുന്നു. ഫെബ്രുവരി 14 പുറത്തിറങ്ങിയ ‘അൽ ഖ്വാലം’ എന്ന പ്രസിദ്ധീകരണത്തിൽ മസൂദ് എഴുതുന്ന കോളത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നു ലേഖനത്തിൽ പരാമർശമില്ല.

അക്രമത്തിൽ മൂന്നു പേരും മരിച്ചു കഴിഞ്ഞു. ആരെ പേടിക്കുന്നതു കൊണ്ടാണ് സൈനിക ക്യാംപിലേക്ക് ടാങ്കുകൾ എത്തിച്ചത്? ഇന്ത്യൻ സൈന്യം എന്തിനാണ് സ്വന്തം കെട്ടിടങ്ങള്‍ തന്നെ തകർത്തത്? സുൻജ്വാനിലുണ്ടായ തിരിച്ചടി വിധിയാണെന്ന് ഇന്ത്യ തിരിച്ചറിയണം– മസൂദ് അഭിപ്രായപ്പെട്ടു.

അഫ്സൽ ഗുരു, മക്ബൂൽ ബട്ട് എന്നിവരുടെ മരണത്തിനുള്ള മറുപടിയാണ് ആക്രമണമെന്ന് ജയ്ഷെ നേതാവ് തൽഹ സൈഫും അവകാശപ്പെട്ടിരുന്നു. ജമ്മുവിൽ സുൻജ്വാൻ കരസേനാ ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചു ജവാന്മാരുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെ തിരിച്ചടിയിൽ നാലു ജയ്ഷെ ഭീകരരും കൊല്ലപ്പെട്ടു.