ഫ്ളോറിഡ വെടിവയ്പ്: അക്രമി ‘കൈമുറിച്ച്’ സൂചന നൽകി; എഫ്ബിഐയും ഇടപെട്ടില്ല

ഫ്ലോറിഡയിൽ വെടിവയ്പുണ്ടായ സ്കൂളിനു സമീപത്തെ കാഴ്ച.

വെസ്റ്റ് പാം ബീച്ച്∙ ഒരു മാസം മുൻപേ തന്നെ സൂചനകൾ ലഭിച്ചിട്ടും ഫ്ളോറിഡ വെടിവയ്പു തടയാൻ എഫ്ബിഐയ്ക്കു സാധിച്ചില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതി നിക്കോളാസ് ക്രൂസിന് തോക്കു ലഭിച്ചതും അയാൾ കൂട്ടക്കൊലയ്ക്കു ശ്രമം നടത്തുന്നുണ്ടെന്നതും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നു. ‘കൊലവെറി’ പൂണ്ടാണു ക്രൂസ് ജീവിക്കുന്നതെന്നതു സംബന്ധിച്ചും സൂചനകളുണ്ടായിരുന്നതായി എഫ്ബിഐ തന്നെയാണു വ്യക്തമാക്കിയത്. എന്നാൽ, ഇതെല്ലാം കണ്ടില്ലെന്നു നടിച്ചാണു എഫ്ബിഐ പ്രവർത്തനങ്ങളെന്ന് ട്രംപ് വിമർശിച്ചു.

അടിസ്ഥാനപരമായ കാര്യങ്ങളിലാണ് ആദ്യം ശ്രദ്ധ പതിപ്പിക്കേണ്ടത്. എന്നാൽ ട്രംപിന് റഷ്യയുമായി ‘ബന്ധ’മുണ്ടോയെന്നു പരിശോധിക്കാനാണ് എഫ്ബിഐ മുഴുവൻ സമയവും ചെലവഴിക്കുന്നത്. അങ്ങനെയൊന്ന് ഇല്ല താനും. ലോകത്തിനു മുന്നിൽ യുഎസിന് അഭിമാനിക്കാവുന്ന നടപടികളാണു എഫ്ബിഐയുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ക്രൂസ് ആക്രമണം പദ്ധതിയിടുന്നതു സംബന്ധിച്ചു സൂചനകളുണ്ടായിരുന്നെങ്കിലും അക്കാര്യത്തിൽ അന്വേഷണം നടത്താനായില്ലെന്ന് എഫ്ബിഐ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റർ റേ രാജി വയ്ക്കണമെന്നു ഫ്ലോറിഡ ഗവർണർ റിക്ക് സ്കോട്ട് ആവശ്യപ്പെടുകയും ചെയ്തു. ട്രംപാകട്ടെ റഷ്യൻ ബന്ധം അന്വേഷിക്കുന്നതിന്റെ പേരിൽ എബിഐയുടെ സ്ഥിരം വിമർശകനുമാണ്.

അതേസമയം യുഎസിൽ തോക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമം കൂടുതൽ കർശനമാക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാവുകയാണ്. അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ സ്കൂൾ ബഹിഷ്കരിച്ചും പ്രകടനങ്ങളും ധർണകളും നടത്തിയും പ്രതിഷേധം അറിയിക്കാനാണ് ആഹ്വാനം. സമൂഹമാധ്യമങ്ങളിലും ക്യാംപെയ്ൻ ശക്തമാക്കാനും ട്രംപിന്റെ എതിർപാളയം ആഹ്വാനം ചെയ്യുന്നു.

19 പേർ കൊല്ലപ്പെട്ട ആക്രമണമുണ്ടായ സാഹചര്യത്തിൽ രാജ്യത്തു ‘തോക്കു നിയമങ്ങൾ’ കർശനമാക്കണമെന്നാവശ്യപ്പെട്ട് വൻ റാലികളും നടക്കുകയാണ്. അതിനിടെ ക്രൂസിന്റെ ‘അക്രമ മനോഭാവം’ സംബന്ധിച്ച് പൊലീസിനു 2016ൽത്തന്നെ വിവരം ലഭിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

സമൂഹമാധ്യമമായ സ്നാപ് ചാറ്റിൽ സ്വന്തം കൈ മുറിക്കുന്ന ദൃശ്യം ക്രൂസ് പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് ഫ്ലോറി‍ഡ പൊലീസ് അയാളെ കാണാനെത്തുന്നത്. ചിൽഡ്രൻ ആൻഡ് ഫാമിലി സർവീസസ് വിഭാഗം ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ താനൊരു തോക്ക് വാങ്ങാൻ പോവുകയാണെന്നും ക്രൂസ് വെളിപ്പെടുത്തി.

എന്നാൽ തോക്ക് എന്തിനു വേണ്ടിയാണെന്നു കണ്ടെത്താനായില്ല. തുടർന്നു മാനസികാരോഗ്യ വിദഗ്ധരുടെ സേവനം നൽകാനും സ്കൂളിൽ നിന്നും ആവശ്യത്തിനു പിന്തുണ ഉറപ്പാക്കണമെന്നും നിർദേശിച്ചു. ക്രൂസ് അപകടമുണ്ടാക്കാൻ സാധ്യത കുറവാണെന്നും റിപ്പോർട്ട് നൽകി. രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് വെടിവയ്പുണ്ടായത്. അതും അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കപ്പെട്ട സ്കൂളിൽത്തന്നെ.