‘വയൽക്കിളി’ സമരം വീണ്ടും; വയലിനു നടുവിൽ കൂടാരം നിർമിച്ചു രാപ്പകൽ കാവൽ

കീഴാറ്റൂർ വയൽക്കിളികളുടെ ‘വയൽ കാവൽ സമരം’ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു.

തളിപ്പറമ്പ്∙ വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമിക്കുന്നതിനെതിരെ കീഴാറ്റൂർ വയൽക്കിളികൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ രണ്ടാംഘട്ട സമരമായ വയൽ കാവൽ സമരത്തിനു തുടക്കമായി. വയൽക്കിളി പ്രവർത്തകരുടെ നേതൃത്വത്തിൽ വയലിനു നടുവിൽ കൂടാരം നിർമിച്ചു രാപ്പകൽ കാവൽ കിടക്കുകയാണു ചെയ്യുന്നത്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇവരുടെ സമരത്തിനെതിരെ സിപിഎം ശക്തമായ നിലപാടിലാണ്.

ഹൈവേ ഒഴിവാക്കി വയലിലൂടെ റോഡ് നിർമിക്കുന്നതിനു പിന്നിൽ തളിപ്പറമ്പിലെ സിപിഎം – കോൺഗ്രസ് – മുസ്‌ലിം ലീഗ് കൂട്ടായ്മയുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളാണെന്നു വയൽക്കിളികളുടെ ആരോപണം. തളിപ്പറമ്പ് ടൗണിൽ ദേശീയപാത വീതികൂട്ടാൻ‌ സ്ഥലമില്ലെന്നു ചൂണ്ടിക്കാട്ടിയാണു കീഴാറ്റൂരിലൂടെ ബൈപാസ് പണിയാൻ തീരുമാനിച്ചത്. ശരാശരി 70 മീറ്റർ മാത്രം വീതിയുള്ള പാടത്തിനു നടുവിലൂടെ 50 മീറ്റർ വീതിയിൽ നാലര കിലോമീറ്റർ റോ‍ഡ് നിർമിക്കുമ്പോൾ 250 ഏക്കർ നെൽവയൽ ഇല്ലാതാകുമെന്നു വയൽക്കിളികൾ പറയുന്നു. നിലവിലെ ഹൈവേ വീതികൂട്ടുകയാണ് അവർ നിർദേശിക്കുന്ന പരിഹാരം.

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ സെപ്റ്റംബറിൽ 20 ദിവസം നിരാഹാര സമരം നടത്തിയിരുന്നു. സമരത്തിനെതിരെ സിപിഎം നിലപാടെടുത്തെങ്കിലും അണികൾ പിൻമാറിയില്ല. വയലിൽനിന്നു മാറി റോഡ് നിർമിക്കാമെന്ന മന്ത്രി ജി. സുധാകരന്റെ ഉറപ്പിൽ പിന്നീടു സമരം നിർത്തി. റോഡിന്റെ രൂപരേഖ മാറ്റാതെ വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണു വയൽക്കിളികൾ വീണ്ടും രംഗത്തു വന്നത്.

ദേശീയപാത അധികൃതർ അംഗീകരിച്ച രൂപരേഖ എല്ലാവരും സ്വീകരിക്കണമെന്നാണു സിപിഎം നിലപാട്. സമരത്തിൽ പങ്കെടുത്ത 11 പേരെ അടുത്തിടെ സിപിഎം പുറത്താക്കിയിരുന്നു.