കണ്ണൂർ കശ്മീർ പോലെയായി; തീവ്രവാദ കേസ് തെളിവ്: ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി

ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി പ്രഫ. നിർമൽ കുമാർ സിങ്. (ഫ.യൽചിത്രം)

തിരുവനന്തപുരം∙ കശ്മീർ പോലെയായി കണ്ണൂർ മാറുകയാണെന്നു ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി പ്രഫ. നിർമൽ കുമാർ സിങ്. കശ്‌മീർ കഴിഞ്ഞാൽ രാജ്യത്ത്‌ ഏറ്റവും കൂടുതൽ തീവ്രവാദ കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുന്ന ജില്ലയാണു കണ്ണൂർ എന്നത് ഇതിനുതെളിവാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ലീഗൽ സെൽ സംഘടിപ്പിച്ച 'രാഷ്ട്രം നേരിടുന്ന ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികൾ' എന്ന വിഷയത്തിലെ ചിന്താ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കശ്മീർ അതിർത്തിയിൽ കണ്ണൂരിൽ നിന്നുള്ള യുവാക്കൾ കൊല്ലപ്പെടുന്നു. തീവ്രവാദികൾ കണ്ണൂർ ഒളിത്താവളമാക്കുന്നു. ഇതൊക്കെ വലിയ വിപത്തിലേക്കുള്ള തുടക്കമാണ്. ഇതിനെ തടയാൻ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ജനങ്ങൾ ഒന്നിക്കണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകവും തീവ്രവാദ പ്രവർത്തനമാണ്. ബിജെപി പിഡിപിയുമായി സഖ്യമുണ്ടാക്കി ഭരിക്കാൻ തുടങ്ങിയതോടെ കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞു.

സദ്ഭരണം എന്ന ആശയത്തിനു വേണ്ടിയാണു ബിജെപി പിഡിപിയുമായി സഖ്യം ഉണ്ടാക്കിയത്. ബിജെപിയുമായി ചേർന്നതോടെ പിഡിപിയും ദേശീയധാരയിലേക്കെത്തി. യുവാക്കൾ ധാരാളമായി തീവ്രവാദ പാത ഉപേക്ഷിക്കാൻ തയാറായി. തോക്കുകൊണ്ടു സംസാരിച്ചിരുന്നവർ ഇപ്പോൾ നാക്കുകൊണ്ടു സംസാരിക്കാൻ തുടങ്ങിയതു നല്ല ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്മഭൂഷൺ ബഹുമതി നേടിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി.പരമേശ്വരനെ മന്ത്രി ആദരിച്ചു. കശ്മീർ കാർഷിക വികസന ബോർഡ് ഉപാധ്യക്ഷൻ ദൽജിത് സിങ് പങ്കെടുത്തു.