ഷുഹൈബിന്റെ കൊലപാതകം: സമാധാനയോഗം 21ന്; കോൺഗ്രസ് പങ്കെടുക്കുമെന്ന് ചെന്നിത്തല

യൂത്ത് കോൺഗ്രസിന്റെ സമരത്തിൽ പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിത്രം: മനോജ് ചേമഞ്ചേരി.

തിരുവനന്തപുരം∙ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ 21നു സമാധാന യോഗം. കലക്ടറേറ്റിൽ രാവിലെ 10നു നടത്തുന്ന യോഗത്തിൽ മന്ത്രി എ.കെ. ബാലൻ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു യോഗം. ഇതിൽ കോൺഗ്രസ് പങ്കെടുക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

‘പൊലീസിന്റെ കൈ കെട്ടിയിട്ടതായി സംശയിക്കുന്നു. ആറു ദിവസത്തിനുശേഷമാണു മുഖ്യമന്ത്രി പ്രതികരിച്ചത്. പാർട്ടി നേതാക്കൾക്കൊപ്പമാണ് പ്രതികൾ കീഴടങ്ങിയത്. അറസ്റ്റിലായത് ഡമ്മി പ്രതികളാണ്’ – അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണം എന്താകുമെന്നും ചെന്നിത്തല സംശയം പ്രകടിപ്പിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസിന്റെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസിന്റെ സമരത്തിൽ പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിത്രം: മനോജ് ചേമഞ്ചേരി.

'അന്വേഷണം അട്ടിമറിക്കുന്നു; എസ്പി അവധിയില്‍ പോയതു തെളിവ്’; തുറന്നടിച്ച് കോണ്‍ഗ്രസ്

ഷുഹൈബ് വധത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രംഗത്ത്. ഇരിട്ടി ഡിവൈഎസ്പി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇതില്‍ മനംമടുത്താണ് എസ്പി അവധിയില്‍ പോയതെന്നു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറ‍ഞ്ഞു. എസ്പി ലീവില്‍ പോയത് ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ്. മുഖ്യമന്ത്രി കൊലപാതകത്തെ അപലപിച്ചത് ആത്മാര്‍ഥതയില്ലാതെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഷുഹൈബിന്റെ കൊല ക്വട്ടേഷന്‍ സംഘമാണു നടത്തിയത്. ഇതു സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഷുഹൈബ് കൊലക്കേസിലെ യഥാർഥ പ്രതികളെ ഉടനടി പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ നടത്തുന്ന നിരാഹാര സമരത്തിൽനിന്ന്. ചിത്രം: സജീഷ് പി. ശങ്കർ

അതിനിടെ, യഥാര്‍ഥ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ കണ്ണൂരിൽ 48 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു.