ഷുഹൈബിന്റെ കൊലപാതകം: അപലപിച്ച് വിഎസ്, ബന്ധമില്ലെന്ന് കോടിയേരി

വി.എസ്.അച്യുതാനന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണന്‍

ആലുവ∙ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ സിപിഎം പങ്ക് പുറത്തുവരുന്നതിനിടെ സംഭവത്തെ അപലപിച്ചു മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ. ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. എന്നാൽ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചിട്ടുണ്ട്.

അതിനിടെ, ഷുഹൈബ് വധത്തില്‍ സിപിഎമ്മിനു ബന്ധമില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നും ആവര്‍ത്തിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കും. പൊലീസ് അന്വേഷണത്തില്‍ ഇടപെടലുകള്‍ ഉണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു.

ഷുഹൈബ് വധം അപലപനീയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ പറഞ്ഞിരുന്നു. സംസ്ഥാനത്ത് അസഹിഷ്ണുതയുടെ ഭാഗമായുള്ള തുടർനടപടികൾക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് കൊലപാതകം പരോക്ഷമായി സൂചിപ്പിച്ച് ഒരു പരിപാടിയിലും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വേദിയിലിരുത്തി അസഹഷ്ണുതയുടെ പേരിലുള്ള അക്രമങ്ങളെ കെ. മുരളീധരൻ എംഎൽഎ വിമർശിച്ചിരുന്നു.