സിഗ്നൽ തകരാറിനു പരിഹാരം; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചെന്നു റെയിൽവേ

കൊച്ചി∙ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ തകരാറിനു പരിഹാരം. ഇതേത്തുടർന്നു ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഗുഡ്സ് ട്രെയിൻ സിഗ്‌നൽ മറികടന്നതിനെ തുടർന്നാണ് നേരത്തേ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്.

രാത്രി ഏഴരയോടെ നോർത്ത് റെയിൽവേ സ്റ്റേഷനിലാണു ഗുഡ്സ് ട്രെയിന്റെ ലോക്കോപൈലറ്റ് മറ്റൊരു ട്രെയിനിനു നൽകിയ സിഗ്നൽ ഗുഡ്സിനാണെന്നു തെറ്റിദ്ധരിച്ചു ട്രെയിൻ മുന്നോട്ടെടുത്തത്. ദിശ നിർണയിക്കുന്ന  പോയിന്റ് സംവിധാനം തകരാറിലായതോടെ ട്രെയിൻ ഗതാഗതം സ്തംഭിച്ചു.

തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്നു ഗുഡ്സ് ട്രെയിൻ. സംഭവത്തെ തുടർന്നു ലോക്കോപൈലറ്റിനെ ജോലിയിൽ നിന്നു മാറ്റി നിർത്തി. പോയിന്റ് പുനഃസ്ഥാപിക്കുന്ന ജോലികളും പൂർത്തിയാക്കിയാണ് ഗതാഗതം ഇപ്പോൾ പുനഃസ്ഥാപിച്ചത്. തിരുവനന്തപുരം-നിസാമുദ്ദീൻ, കന്യാകുമാരി-ബെംഗളൂരു, ഐലൻഡ്, കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം-ചെന്നൈ മെയിൽ ഉൾപ്പെടെയുള്ള ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഒാടുന്നത്.

ട്രെയിനുകൾ വൈകുമെന്ന വിവരം അറിയിക്കാത്തതിനാൽ പാസഞ്ചറുകളിൽ പോകാനുൾപ്പെടെയുള്ളവർ കാര്യമറിയാതെ ഏറെ നേരം സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കേണ്ടിയും വന്നു.