തോക്കുപയോഗത്തില്‍ ട്രംപിന്റെ പിടി; നിര്‍മാണസാമഗ്രികള്‍ നിരോധിക്കാൻ നിർദേശം

വാഷിങ്ടൻ∙ ഫ്ളോറിഡ വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ തോക്കുകളുടെ ഉപയോഗത്തിനു നിയന്ത്രണം എര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. സെമി ഓട്ടോമാറ്റിക് തോക്കുകളുടെ നിര്‍മാണസാമഗ്രികള്‍ നിരോധിക്കാനുള്ള നിയമ നിര്‍മാണത്തിന് അറ്റോര്‍ണി ജനറലിന് പ്രസിഡന്റ് ട്രംപ് നിര്‍ദേശം നൽകി. കഴിഞ്ഞ വര്‍ഷം ലാസ് വേഗസില്‍ നടന്ന വെടിവയ്പില്‍ അക്രമി ഇത്തരം നിര്‍മാണ സാമഗ്രികള്‍ കൊണ്ട് ഉണ്ടാക്കിയ തോക്കാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം തോക്കുകൾ ഉപയോഗിച്ച് മിനിറ്റിൽ 100 കണക്കിനു വെടിയുതിർക്കാൻ സാധിക്കും.

രാജ്യത്തെ സ്കൂളുകളുടെ സുരക്ഷയ്ക്കാണു മുന്‍ഗണനയെന്ന് ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് പ്രസിഡന്റ് വ്യക്തമാക്കി. മാറ്റം കൊണ്ടുവരുമെന്ന പ്രതീതി ഉണ്ടാക്കുകയല്ല, യഥാർഥത്തിൽ മാറ്റം കൊണ്ടുവരികയാണ് ചെയ്യേണ്ടത്. കഴിഞ്ഞയാഴ്ച ഫ്ളോറിഡയിലെ സ്കൂളില്‍ ഉണ്ടായ ‌വെടിവയ്പില്‍ വിദ്യാര്‍ഥികള്‍ അടക്കം 17 പേരാണു കൊല്ലപ്പെട്ടത്.

മെഷീൻ ഗണ്ണുകൾ പോലെ പെട്ടെന്ന് വെടിവയ്ക്കാനാകുന്ന തോക്കുകളാണ് സെമി ഓട്ടമാറ്റിക് റൈഫിളുകൾ. ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാതെ 100 യുഎസ് ഡോളറിനു വരെ ഈ തോക്ക് വാങ്ങാനാകും.

അതേസമയം, ലാസ് വേഗസ് ആക്രമണത്തിനുശേഷം തോക്കുകളുടെ അനിയന്ത്രിത ഉപയോഗം വരുത്തിവയ്ക്കുന്ന ദോഷങ്ങളെക്കുറിച്ച് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും രാജ്യവ്യാപകമായി ചർച്ച ചെയ്തിരുന്നു. എന്നാൽ ഇവ നിരോധിക്കാനുള്ള ബിൽ കൊണ്ടുവന്നത് ഇത്തരം തോക്കുകളുടെ വിൽപ്പനയെയും ബാധിച്ചു. എന്നാൽ സംസ്ഥാനതലത്തിൽ നിരോധന ബില്ലിനോട് സമ്മിശ്ര പ്രതികരണമാണുണ്ടായിരിക്കുന്നത്. നേരത്തേയും പല തവണ തോക്ക് ഉപയോഗം നിയന്ത്രിക്കാൻ നയം കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ആയുധ ലോബിയുടെ സമ്മർദ്ദത്തിൽ ഒന്നും ഫലം കണ്ടില്ല.