ചെയ്തതും പറഞ്ഞതും സിപിഎം വിഴുങ്ങി: മാണിയെ വേണ്ടെന്ന നിലപാടിലുറച്ച് സിപിഐ

കാനം രാജേന്ദ്രൻ, കെ.എം. മാണി

തിരുവനന്തപുരം∙ കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കേണ്ടെന്നു സിപിഐ. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിലാണ് ഉറച്ച നിലപാട് സിപിഐ സ്വീകരിച്ചത്. ഇടതുമുന്നണി പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നു പിന്നോട്ടു പോകുമ്പോള്‍ വിമര്‍ശിക്കുമെന്നും സിപിഐ വ്യക്തമാക്കി. കൊലപാതകം ആരു നടത്തിയാലും സിപിഐ എതിരാണെന്നും പ്രമേയം പറയുന്നു.

ഇതിനിടെ, മാണിക്കെതിരെ മുൻപ് ഇടതുമുന്നണി പുറത്തിറക്കിയ ലഘുലേഖ, നവമാധ്യമങ്ങളിൽ വ്യാപകമായി സിപിഐ പ്രചരിപ്പിച്ചു. തൃശൂർ സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ മാണിയെ പങ്കെടുപ്പിക്കുന്നതാണു സിപിഐയെ ചൊടിപ്പിച്ചത്. ‌നിയമസഭ അന്നേവരെ കണ്ടിട്ടില്ലാത്ത രംഗങ്ങള്‍ക്കാണു 2015ലെ യുഡിഎഫ് സര്‍ക്കാരിന്‍റെ ബജറ്റ് ദിനം സാക്ഷ്യം വഹിച്ചത്. മാണിയെക്കൊണ്ടു ബജറ്റ് അവതരിപ്പിക്കില്ലെന്നു പ്രഖ്യാപിച്ച് അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിയ സിപിഎം നേതാക്കള്‍ തന്നെ ഒടുവില്‍ കസേര ഒരുക്കി കാത്തിരിക്കുന്നു. കെ.എം. മാണിക്കെതിരെ സഭയില്‍ കടുത്ത ആക്ഷേപം ഉന്നയിച്ച ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദൻ പോലും നിലപാടു മാറ്റി.

ആക്ഷേപങ്ങള്‍ അവിടെയും നിന്നില്ല. എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റി 16 പേജുള്ള ഒരു ലഘുലേഖതന്നെ പുറത്തിറക്കി. മാണി രാജിവയ്ക്കണമെന്നു തന്നെയായിരുന്നു പ്രധാന ആവശ്യം. മാണി ബജറ്റ് വിറ്റു എന്ന ആക്ഷേപം പോലും ഉന്നയിക്കപ്പെട്ടു. എന്നാല്‍ മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം കാര്യങ്ങള്‍ മാറിമറിഞ്ഞു. ചെയ്തതും പറഞ്ഞതുമെല്ലാം സിപിഎം അപ്പാടെ വിഴുങ്ങി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ സിപിഐയുടെ നേതൃത്വത്തില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. 2013ലെ സിപിഎം പ്ലീനത്തില്‍ മാണി പങ്കെടുത്തിട്ടുണ്ടെന്നു വാദിക്കാമെങ്കിലും സാഹചര്യം ഏറെ മാറിയിരിക്കുന്നു. ഏതായാലും കാനവും മാണിയും വേദി പങ്കിടുന്നു എന്ന കൗതുകത്തിനപ്പുറം എല്‍ഡിഎഫിലേക്ക് സിപിഐയെ അവഗണിച്ചു സംസ്ഥാന സമ്മേളനത്തോടെ മാണിയുടെ കൈ സിപിഎം പിടിക്കുമോ എന്നു കാത്തിരുന്നു കാണണം.